ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി; ചുണയുണ്ടെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ എന്ന് മമത

single-img
4 February 2019

ബംഗാളില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്നു ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്.

ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടും. ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ. ഇത് ബംഗാളാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്. കേന്ദ്രത്തില്‍ നിന്നും ഈ സര്‍ക്കാരിനെ പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കുമെന്നും മമത പറഞ്ഞു.

ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറുടെ മൊഴിയെടുക്കാന്‍ അനുമതി നേടിയ സി.ബി.ഐ സംഘം ഇതിനായി കമ്മിഷണറുടെ ഔദ്യോഗിക വസതിയിലെത്തിയാതിടെയാണ് വിഷയങ്ങള്‍ക്ക്‌ തുടക്കമായത്. കമ്മിഷണറുടെ ഔദ്യോഗിക വസതിയിലെത്തിയ
ഇവരെ കൊൽക്കത്ത പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കയും ചെയ്തു. കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ആദ്യം വിവരം വന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മമതാ ബാനർജി പിന്നീട് അറിയിച്ചു. കൊൽക്കത്തയിൽ പ്രതിപക്ഷകക്ഷികളുടെ സമ്മേളനം വിളിച്ചു ചേർത്തതിനാണ് സി.ബി.ഐയെ വച്ച് കേന്ദ്രസർക്കാരും ബി.ജെ.പിയും തന്നോട് പ്രതികാരം ചെയ്യുന്നതെന്ന് മമത മാദ്ധ്യമങ്ങളോട് പറഞ്ഞു..