നാലുവര്‍ഷം മുൻപ് സർക്കാരിന് സമർപ്പിച്ച കളളപ്പണത്തിന്റെ കണക്ക് പുറത്തുവിടാനാവില്ലെന്ന് കേന്ദ്ര സർക്കാർ

single-img
4 February 2019

രാജ്യത്തിനകത്തും പുറത്തുമായി ഇന്ത്യക്കാരുടെ കൈവശമുളള കളളപ്പണത്തിന്റെ കണക്ക് പുറത്തുവിടണമെന്ന ആവശ്യം ധനമന്ത്രാലയം നിരസിച്ചു. നാല് വര്ഷം മുന്നേ സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തു വിടാനാകില്ല എന്ന് കേന്ദ്ര സർക്കാർ നിലപാടെടുത്തത്. റിപ്പോർട്ട് പാര്‍ലമെന്ററി സമിതി പരിശോധിച്ചുവരികയാണെന്നും ഈ ഘട്ടത്തില്‍ ഇവ പുറത്തുവിട്ടാല്‍ സഭയുടെ അവകാശങ്ങളുടെ ലംഘനമുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ചാണ് വിവരാവകാശ നിയമപ്രകാരമുളള അപേക്ഷ ധനമന്ത്രാലയം തളളിയത്.

2011ല്‍ യുപിഎ സര്‍ക്കാരാണ് രാജ്യത്തിനകത്തും പുറത്തുമായി ഇന്ത്യക്കാരുടെ കൈവശമുളള കളളപ്പണത്തെകുറിച്ച് പഠിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് പോളിസി, നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈയിഡ് ഇക്കണോമിക് റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നി ഉന്നതതല സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയത്. ഇവർ നാലുവര്‍ഷം മുൻപ് റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ 2017 ൽ മാത്രമാണ് കേന്ദ്രസർക്കാർ ഈ റിപ്പോർട്ട് പാര്‍ലമെന്ററി സമിതി മുന്‍പാകെ സമര്‍പ്പിച്ചത്.

നിലവിൽ ഈ റിപ്പോർട്ടുകൾ ധനകാര്യ പാര്‍ലമെന്ററി സമിതി പരിശോധിക്കുകയാണ് എന്നാണു വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയായി ധനമന്ത്രാലയം വ്യക്തമാക്കിയത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള കള്ളപ്പണം തിരിച്ചു പിടിച്ചു ഓരോ ആളുകളുടെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും എന്നായിരുന്നു നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം. എന്നാൽ ഇതുവരെ വിദേശത്തുള്ള കള്ളപ്പണം മടക്കിക്കൊണ്ടു വരാൻ വ്യക്തമായ ഒരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ആ സാഹചര്യത്തിലാണ് നിലവിൽ സർക്കാരിന്റെ കൈവശമുള്ള ളളപ്പണത്തിന്റെ കണക്ക് പുറത്തു വിടാൻ കേന്ദ്രസർക്കാർ മടിക്കുന്നത്.