പാർട്ടി ഓഫീസ് റെയ്ഡ് ചെയ്ത് ചൈത്ര പഴയ എസ് എഫ് ഐക്കാരി; സിപിഎം വീണ്ടും ഞെട്ടി

single-img
31 January 2019

പാർട്ടി ഓഫീസിലെ റെയ്ഡിന് പിന്നാലെ സിപിഎമ്മിന്റെ കണ്ണിലെ കരടായി മാറിയ എസ് പി ചൈത്ര തെരേസ ജോൺ എസ്എഫ്ഐയുടെ പഴയ തീപ്പൊരി സഖാവ്. ഒസ്മാനിയ സർവകലാശാലയിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ ചൈത്ര എസ് എഫ് ഐയുടെ സജീവ പ്രവർത്തകയായിരുന്നു എന്നാണ് പാർട്ടിക്ക് ലഭിച്ച വിവരമെന്ന് മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

വൈകി ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ ചൈത്രക്കെതിരെയുള്ള നടപടി മയപ്പെടുത്തണം എന്ന നിലപാടാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്നത്. അതേസമയം ചൈത്രക്കെതിരെ മാനനഷ്ടക്കേസ് ഉൾപ്പെടെയുള്ള നടപടികളുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുന്നോട്ടു പോകുകയാണ്.

ചൈത്രയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് സിപിഎം തിരുവനന്തപുരം ജില്ലാ ഘടകം. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ നീക്കത്തിന് പിന്നിൽ പോലീസിലെ ഒരു വിഭാഗത്തിന്റെ കരങ്ങളാണ് എന്നും ജില്ലാ ഘടകം ആരോപിക്കുന്നു.

എന്നാൽ ഇതിനോടു ഭൂരിഭാഗം നേതാക്കൾക്കും അനുകൂലമായ നിലപാടല്ല ഉള്ളത്. വിഷയം കൂടുതൽ വഷളാകാതെ രമ്യമായി പരിഹരിക്കണമെന്നും, ഇലക്ഷൻ സമയത്ത് പ്രതിപക്ഷത്തിന് കൂടുതൽ ആരോപണമുന്നയിക്കാൻ ഉള്ള അവസരങ്ങൾ ഉണ്ടാക്കി കൊടുക്കരുതെന്നുമാണ് പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കളുടെയും നിലപാട്.

എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിനെ പുറമേ അഡീഷണൽ ചീഫ് സെക്രട്ടറി സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിഷയം രമ്യമായി പരിഹരിക്കാനാണ് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.