ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ‘സുകുമാരക്കുറുപ്പ്’ മാതൃകയിലുള്ള നാടകമാണെന്നു തെളിഞ്ഞു: രാഷ്ട്രീയ വിവാദം ഉണ്ടാക്കിയ ബിജെപി വെട്ടില്‍

single-img
29 January 2019

മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവ് ഹിമ്മത് പാട്ടിദാറിന്റെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. 20 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഇയാള്‍ തന്നെയാണ് ‘സുകുമാരക്കുറുപ്പ്’ മോഡലില്‍ സ്വന്തം കൊലപാതകം സൃഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഹിമ്മത് പാട്ടിദാറിന്റെ ജീവനക്കാരനായ മദന്‍ മാളവ്യയാണ് കൊല്ലപ്പെട്ടത്. ഡി.എന്‍.എ ടെസ്റ്റിലാണ് ഇക്കാര്യം വ്യക്തമായത്. കഴുത്തറുത്തു കൊന്നശേഷം ആളെ തിരിച്ചറിയാതിരിക്കാന്‍ മൃതദേഹം കത്തിക്കുകയും ചെയ്തു. ഒളിവില്‍ പോയ പട്ടീദാറിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.

കഴിഞ്ഞ 23 നു മധ്യപ്രദേശിലെ രത്തം ജില്ലയില്‍ കമീദ് ഗ്രാമത്തില്‍ ഹിമ്മത്ത് പട്ടീദാറുടെ പാടത്താണു കഴുത്തറുത്ത നിലയില്‍ അയാളുടേതെന്ന് ആദ്യം സംശയിച്ച മൃതദേഹം കണ്ടെത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പട്ടീദാറെ കൊലപ്പെടുത്തിയശേഷം മാളവിയ മുങ്ങിയെന്നാണ് ആദ്യം പൊലീസ് കരുതിയത്.

എന്നാല്‍, മൃതദേഹത്തിനു സമീപത്തു നിന്ന് പട്ടീദാറുടെ വസ്ത്രങ്ങള്‍ ലഭിച്ചതു സംശയത്തിനിടയാക്കി. തുടര്‍ന്നു നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് യഥാര്‍ഥ കൊലയാളിയെ കണ്ടെത്തിയത്. കടുത്ത കടക്കെണിയിലായ പട്ടീദാര്‍ ലൈഫ് ഇന്‍ഷുറന്‍സ് തുകയായ 20 ലക്ഷം രൂപ തട്ടിയെടുക്കാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണു സംശയിക്കുന്നത്.

മകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്ന് 23നു പിതാവാണു പൊലീസിനെ അറിയിച്ചത്. തുടര്‍ന്നു ഫോറന്‍സിക് വിദഗ്ധരും പൊലീസ് നായ്ക്കളും ഉള്‍പ്പെടെ അന്വേഷണ സംഘം രംഗത്തിറങ്ങി. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സമീപത്തുനിന്ന് പട്ടീദാറിന്റെ തിരിച്ചറിയല്‍ രേഖകളും ബാങ്ക് അക്കൗണ്ട് രേഖകളും രക്തം പുരണ്ട ബെല്‍റ്റും ലഭിച്ചു.

പട്ടീദാറിന്റെ ഫാമില്‍ ജോലിക്കാരനായ മദന്‍ മാളവിയയെ സംഭവത്തിനു തൊട്ടുതലേന്നു തൊട്ടു കാണാനില്ലെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 500 മീറ്റര്‍ അകലെനിന്ന് ചെളിപുരണ്ട വസ്ത്രങ്ങളും ഷൂസും ലഭിച്ചു. ഇതു മാളവിയയുടെ കുടുംബം തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായത്.

സംഭവദിവസം വെളുപ്പിനു 4.30 വരെ പട്ടീദാറിന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നു ഫോണ്‍ രേഖകളെല്ലാം നീക്കം ചെയ്തിരുന്നതായും കണ്ടെത്തി. എല്ലാ രാത്രികളിലും പാടത്തെ പമ്പ് ഓണ്‍ ചെയ്യാന്‍ പട്ടീദാര്‍ എത്തിയിരുന്നു. എന്നാല്‍ സംഭവദിവസം രാത്രി പമ്പ് ഓണായിരുന്നില്ല. മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രം മാളവിയയുടെ കുടുംബം തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം പട്ടീദാറിന്റെയല്ല മാളവിയയുടെയാണെന്ന് ഉറപ്പിച്ചത്.

പിന്നീടുള്ള അന്വേഷണത്തില്‍ പട്ടീദാര്‍ 2018 ഡിസംബര്‍ 17ന് 20 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തതായി കണ്ടെത്തി. പത്തു ലക്ഷം രൂപ ഇയാള്‍ക്കു കടമുണ്ടെന്നും തിരിച്ചിറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താനാണ് പട്ടീദാര്‍ സിനിമാക്കഥകളെ വെല്ലുന്ന കൊലയ്ക്കു തിരക്കഥയൊരുക്കിയതെന്നാണ് പൊലീസ് നിഗമനം.

വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ബി.ജെ.പിയും ഇതോടെ വെട്ടിലായി. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിശിത വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നായിരുന്നു ആരോപണം.

എല്ലാ സംഭവങ്ങളും രാഷ്ട്രീയവത്കരിക്കണമെന്ന് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മധ്യപ്രദേശിലെ ഭരണമാറ്റത്തെ അംഗീകരിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. ബി.ജെ.പി ഇവിടെ നിയമം കയ്യിലെടുക്കുകയാണെന്നും ആഭ്യന്തരമന്ത്രി ബാല ബച്ചന്‍ പ്രതികരിച്ചു. ഈ സംഭവത്തിന് മുന്‍പ് മന്ദ്‌സൗറില്‍ ബി.ജെ.പി നേതാവ് പ്രഹ്ലാദ് ബന്ദേശ്വര്‍ എന്നയാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനായ മനീഷ് ഭൈരഗിനെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.