പിറവം പള്ളിത്തര്‍ക്ക കേസ്: ഹൈക്കോടതിയിലെ നാലാം ബെഞ്ചും പിന്‍മാറി

single-img
29 January 2019

പിറവം പള്ളി തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ആനി ജോണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. കാരണം വ്യക്തമാക്കാതെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുന്നത്.

ജസ്റ്റിസ് പി.ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ആദ്യം കേസില്‍ നിന്ന് പിന്മാറിയത്. പിന്നീട് ജസ്റ്റിസ് ചിദംബരേഷ് അംഗമായ രണ്ടാമത്തെ ബെഞ്ച് പിന്മാറുന്നതായി അറിയിച്ചു. കേസില്‍ ആദ്യഘട്ട വാദം കേട്ട ഈ ബെഞ്ചിന് മുന്നില്‍ സര്‍ക്കാര്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ വക്കീലന്മാരായി പ്രാക്ടീസ് ചെയ്യവെ ജഡ്ജിമാര്‍ സഭാതര്‍ക്കം സംബന്ധിച്ച കേസില്‍ ഹാജരായിട്ടുണ്ടെന്ന് യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ജഡ്ജിമാര്‍ പിന്മാറുകയായിരുന്നു. മൂന്നാമതായി പരിഗണിക്കപ്പെട്ട ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടി.വി. അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചും കേസ് പരിഗണിക്കാതെ പിന്മാറുകയായിരുന്നു.