പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയാൽ ജനം പ്രഹരിക്കും: മോദിക്കെതിരെ ഒളിയമ്പെയ്ത് നിതിൻ ഗഡ്കരി

single-img
28 January 2019

മോദി സര്‍ക്കാരിനെതിരെ വീണ്ടും ഒളിയമ്പെയ്ത് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര ഗതാഗതമന്ത്രിയുമായ നിതിന്‍ ഗഡ്കരി. പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കിക്കൊണ്ടിരുന്നാല്‍ ജനം പ്രഹരിക്കുമെന്ന് ഗഡ്കരി പറഞ്ഞു. താന്‍ സ്വപ്‌നങ്ങള്‍ കാണിക്കുന്നയാളല്ല. എന്തുപറഞ്ഞാലും നൂറുശതമാനം പ്രാവര്‍ത്തികമാക്കുന്നയാളാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

അതുകൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന സ്വപ്‌നങ്ങള്‍ മാത്രം കാണിക്കുക. മുംബൈയില്‍ ബിജെപി പോഷകസംഘടനയുടെ പരിപാടിയ്ക്കിടെയായിരുന്നു ഗഡ്കരിയുടെ പ്രതികരണം. രാഷ്ട്രീയ നേതാക്കളേപ്പോലുള്ളവര്‍ സ്വപ്‌നങ്ങള്‍ കാണിച്ചുതരും. പക്ഷെ ആ സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കാതിരുന്നാല്‍ ജനം ഇത്തരം നേതാക്കളെ പ്രഹരിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ ഇന്റലിജന്‍സ് ബ്യൂറോ ചടങ്ങിനിടെ നേതൃത്വം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഗഡ്കരി പറഞ്ഞിരുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ബിജെപി പരാജയത്തിന് ശേഷമായിരുന്നു ഗഡ്കരിയുടെ പ്രതികരിച്ചത്. നന്നായി സംസാരിച്ചതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കില്ല. നിങ്ങള്‍ വലിയ വിദ്വാന്‍ ആയിരിക്കും, പക്ഷെ ജനം നിങ്ങള്‍ക്ക് വോട്ട് ചെയ്യില്ല- ഗഡ്കരി ചൂണ്ടിക്കാട്ടി.

സഹിഷ്ണുതയാണ് ഇന്ത്യന്‍ വ്യവസ്ഥയുടെ ഏറ്റവും വലിയ ആസ്തി. എല്ലാം അറിയാമെന്ന് ഒരാള്‍ക്ക് തോന്നുന്നത് അബദ്ധമാണ്. കൃത്രിമമായ മാര്‍ക്കറ്റിങ്ങുകളില്‍ നിന്ന് ആളുകള്‍ വിട്ടു നിക്കണമെന്നും ഗഡ്കരി പറഞ്ഞിരുന്നു. 2014ല്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തില്‍ വന്നത് തുടങ്ങിയ ഗഡ്കരിയുടെ പ്രയോഗങ്ങളും വാര്‍ത്തയായിരുന്നു.