പറ്റില്ലെങ്കിൽ പറയൂ, 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ തീർപ്പുണ്ടാക്കാം: അയോധ്യ കേസിൽ സുപ്രീംകോടതിയെ വെല്ലുവിളിച്ച് യോഗിആദിത്യനാഥ്

single-img
27 January 2019

അയോധ്യ കേസിൽ  സുപ്രീംകോടതിയെ വെല്ലുവിളിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘സുപ്രീംകോടതിക്ക് സാധ്യമാകുന്നില്ലെങ്കില്‍ കേസ് തങ്ങള്‍ക്ക് വിട്ടുതരാനും 24 മണിക്കൂറിനകം തീര്‍പ്പുണ്ടാക്കാമെന്നും  യോഗിആദിത്യനാഥ് പ്രഖ്യാപിച്ചു.

കേസ് ഉടന്‍ തീര്‍പ്പാക്കണമെന്നാവാശ്യപ്പെട്ട് ആര്‍എസ്എസ്സിന്റെയും സംഘപരിവാറിന്റെയും നേതാക്കള്‍ ആവര്‍ത്തിച്ച് സമ്മര്‍ദം ചെലുത്തുന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെയും പ്രസ്താവന. ഇന്ത്യാ ടുഡെ എഡിറ്റര്‍ ഇന്‍ ചീഫും ചെയര്‍മാനുമായ രജത് ശരമിന്റെ ആപ്കി അദാലത്ത് എന്ന് പരിപാടിയിലാണ് യോഗി ആദിത്യനാഥിന്റെ പരാമര്‍ശം.

ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോകുന്നുവെന്ന ആര്‍എസ്എസ്-സംഘപരിവാര്‍ നേതാക്കളുടെ വിമര്‍ശനം വന്നപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സുപ്രീംകോടതി വിധി വന്നത് ശേഷം മാത്രമേ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നകാര്യത്തില്‍ ഓര്‍ഡിനന്‍സിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയുള്ളൂ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം ഒന്നിന് അഭിപ്രായപ്പെട്ടിരുന്നു.

ജുഡീഷ്യല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ അതിന്റേതായ സമയമെടുക്കും. അതിനായി കാത്തിരിക്കണം. അത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മറ്റ് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണ് എന്നായിരുന്നു പ്രധാനമന്ത്രി  വ്യക്തമാക്കിയത്.