അത് ‘ജനിതകപ്രശ്‌നം’; സെന്‍കുമാര്‍ ബിജെപി അംഗമല്ല: തുറന്നടിച്ച് കണ്ണന്താനം

single-img
27 January 2019

മുന്‍ ഡിജിപി സെന്‍കുമാര്‍ ബിജെപി അംഗമല്ലെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരാണയന് പത്മഭൂഷണ്‍ ലഭിച്ചതിനെ വിമര്‍ശിച്ച് സെന്‍കുമാര്‍ രംഗത്ത് വന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കണ്ണന്താനം.

വിവാദം ഉണ്ടാക്കുന്നത് മലയാളിയുടെ ഡിഎന്‍എയുടെ പ്രശ്നമാണ്. ഈ പുരസ്‌കാരം ആഘോഷിക്കുകയാണ് വേണ്ടത്. നമ്പി നാരാണയന്റെ പത്മഭൂഷണ്‍ ബഹുമതി മലയാളിക്ക് ലഭിച്ച അംഗീകരമാണ്. അഭിപ്രായം പറയാന്‍ സെന്‍കുമാറിനും അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

എന്‍ഡിഎ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന സര്‍വേ ഫലം അല്‍ഫോന്‍സ് കണ്ണന്താനം തള്ളികളഞ്ഞു. സര്‍വേ ഫലം കാര്യമാക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച രീതിയില്‍ ജയിച്ച് അധികാരം നേടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നമ്പി നാരായണനെതിരായ ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ ഉള്‍പ്പെടെ ഇന്നലെ രംഗത്തെത്തിയിരുന്നു.

ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായെന്നും ആരെ കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് സെന്‍കുമാറിനെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

നമ്പിനാരായണനെതിരായ ടി.പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണെന്ന് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചിരുന്നു.

പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്നാണ് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ചോദിച്ചത്. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണ്‍. അടുത്ത വര്‍ഷം ഇത്തവണ വിട്ടുപോയ ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും പത്മവിഭൂഷണ്‍ നല്‍കണമെന്നും സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.