അന്ന് ആറാം നിരയില്‍ ഇരുത്തി; ഇന്ന് മുന്‍ നിരയിലും; രാഹുലിന്റെ ‘മുന്നേറ്റ’ത്തെ അംഗീകരിച്ച് മോദി സര്‍ക്കാരും

single-img
27 January 2019

ഡല്‍ഹി രാജ്പഥില്‍ 70-ാം റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി നടന്നു കൊണ്ടിരിക്കേ സദസ്സില്‍ ശ്രദ്ധയാകര്‍ഷിച്ച് രാഹുല്‍ ഗാന്ധി-നിതിന്‍ ഗഡ്കരി സൗഹൃദം. മുന്‍ നിരയിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഇരുന്നിരുന്നത്. ചടങ്ങ് തുടങ്ങിയത് മുതല്‍ അവസാനം വരെ ഇരുവരും സൗഹൃദ സംഭാഷണത്തിലായിരുന്നു. രാഹുലിന്റെ വലത് വശത്തായി മൂന്ന് സീറ്റുകള്‍ക്കപ്പുറം ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം എല്‍ കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് മുന്‍ നിരയില്‍ സ്ഥാനം നല്‍കിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ആറാം നിരയില്‍ ഇരിപ്പിടം ഒരുക്കിയത് വിവാദമായിരുന്നു. എന്നാല്‍ രാഹുല്‍ ആറാം നിരയില്‍ തന്നെ ഇരുന്ന് പരിപാടി വീക്ഷിക്കുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. അവഗണിച്ചവരെ കൊണ്ട് തന്നെ അംഗീകരിപ്പിച്ചു എന്നതരത്തില്‍ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്തും വൈറലാണ്. രാഹുലിന്റെ വളര്‍ച്ച ബിജെപി അംഗീകരിച്ചിരിക്കുന്ന എന്നതിന്റെ സൂചനയാണിതെന്നാണ് ഉയരുന്ന വാദം.

ചില രാഷ്ട്രീയമര്യാദകള്‍ ബിജെപി മറന്നപ്പോള്‍ കോണ്‍ഗ്രസ് അത്തരം നാണയങ്ങളില്‍ തിരിച്ചടി നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാജസ്ഥാനിലും നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുത്ത മുന്‍ ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയിരുന്നു.