ചില ദേശാടന പക്ഷികള്‍ക്ക് നമ്മുടെ നാട് ഇഷ്ടമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മോദിയെ ട്രോളിയതല്ലേയെന്ന് സോഷ്യല്‍ മീഡിയ

single-img
27 January 2019

ചില ദേശാടനക്കിളികള്‍ക്ക് കേരളം ഇഷ്ടഭൂമിയായി മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരുഭൂമിയില്‍ നിന്നുള്ള ദേശാടനപ്പക്ഷിയാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതെന്നും അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നതോ, ഭയചകിതരാക്കുന്നതോ ആണെന്നും പിണറായി പറഞ്ഞു. എന്ത് ആപത്താണ് ഈ നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

വടക്കേ ഇന്ത്യയുടെ ചൂടേറിയ സ്ഥലങ്ങളില്‍ മാത്രം കണ്ടുവരുന്ന റോസി പാസ്റ്റര്‍ എന്ന ഇനം പക്ഷി കോട്ടയം തിരുനക്കര ഭാഗങ്ങളില്‍ ധാരാളമായി കണ്ടുവരുന്നുണ്ടെന്നും വല്ലാത്തൊരു മുന്നറിയിപ്പാണ് ഈ പക്ഷികളുടെ വരവ് നമുക്ക് നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സസ്യ സമ്പത്തിന്റെ കാര്യത്തിലും മാറ്റം ദൃശ്യമാണ്. മഴനിഴല്‍ പ്രദേശമായ മറയൂരും വട്ടവടയിലും മാത്രമായി വളര്‍ന്നിരുന്നകാബേജു പോലുള്ള ശീതകാലകൃഷികള്‍ഇപ്പോള്‍ എല്ലായിടത്തുമുണ്ട്. വിഷുവിന് മാത്രം കണ്ടിരുന്ന കൊന്ന ഏത് കാലത്തും പൂക്കുന്ന അവസ്ഥയാണ്.

ഇതെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ മാറ്റമാണ് കാണിക്കുന്നത്. കേരളത്തിന്റെ അന്തരീക്ഷ താപനില ഓരോ വര്‍ഷവും കൂടുകയാണ്. 1984 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ഹൈറേഞ്ചിലെ ചൂട് ശരാശരി 1.46% വര്‍ധിച്ചതായി കാര്‍ഷിക സര്‍വ്വകലാശാലയുടെ കണക്കുകളുണ്ട്.’

ഉഷ്ണ തരംഗവും സൂര്യതാപവും മുമ്പ് വടക്കേഇന്ത്യയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് കേരളത്തില്‍ ഇടക്കിടെ ഉണ്ടാവുന്നുണ്ട്. സംഘാടകര്‍കേരളത്തിന്റെ കാലികമായ വിഷയമാണ് ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

വിവിധ പരിപാടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍ എത്താനിരിക്കെയാണ് പിണറായിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ നരേന്ദ്രമോദിയെയല്ലേ പിണറായി ദേശാടനപക്ഷിയായി ഉപമിച്ചത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തുന്നത്.

അതേസമയം, വിവിധ പരിപാടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പസമയത്തിനുള്ളില്‍ കേരളത്തിലെത്തും. മധുരയിലെ പരിപാടി കഴിഞ്ഞ് കൊച്ചി നാവികസേനാ വിമാനത്താളത്തില്‍ ഉച്ചയ്ക്ക് 1.55ന് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെ വിപൂലികരിച്ച പ്‌ളാന്റ് ഉദ്ഘാടനം ചെയ്യും.

നാവികസേനാ വിമാനത്താളത്തില്‍ നിന്നും ഹെലികോപ്ടറില്‍ രാജഗിരി കോളേജ് മൈതാനത്തേക്ക് എത്തുന്ന മോദി അവിടെ നിന്നും റോഡ് മാര്‍ഗമാണ് കൊച്ചി റിഫൈനറിയില്‍ എത്തുക. പിന്നീട് വൈകിട്ട് 4.15ന് തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയിലെ യുവമോര്‍ച്ച സമ്മേളനത്തിലും മോദി പ്രസംഗിക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങും.