‘കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ പോയാല്‍ 10 ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കും’; ഓപ്പറേഷന്‍ താമര പൊളിക്കുമെന്നുറപ്പിച്ച് കോണ്‍ഗ്രസ്

single-img
27 January 2019

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ഓപ്പറേഷന്‍ താമര തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിനെ കോണ്‍ഗ്രസ് നേരിടുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തങ്ങളുടെ ക്യാമ്പില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോയാല്‍ പത്തു പേര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് വരുമെന്നും ഖാര്‍ഗെ പറഞ്ഞു.

‘സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പക്ഷത്തുനിന്ന് ഒരു എംഎല്‍എയെ കൊണ്ടുപോയാല്‍ വേറെ പത്തു പേര്‍ അവരുടെ പക്ഷത്തുനിന്ന് ഇവിടേയ്ക്കു വരും’- അദ്ദേഹം പറഞ്ഞു.

ചിലരെ പ്രലോഭിപ്പിച്ചും മറ്റുചിലര്‍ക്ക് പണംകൊടുത്തും ചിലരെ അധികാരം ഉപയോഗിച്ചും മറ്റുചിലരെ ഭീഷണിപ്പെടുത്തിയുമാണ് തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നത്. ഇത് ബിജെപിയുടെ പതിവുരീതിയാണ്. ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പയാണ് ഇതിനു ചുക്കാന്‍പിടിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

തങ്ങള്‍ക്കൊപ്പം ചേരുന്നതിന് കോണ്‍ഗ്രസ് എം.എല്‍.എക്ക് ബി.ജെ.പി ‘സമ്മാനം’ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഭരണം ലഭിക്കാത്തതില്‍ നിരാശയിലാണ് ബി.ജെ.പി. അടുത്ത മാസത്തിന് മുമ്പ് ഞങ്ങളെ താഴെയിറക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര തുകയാണ് വാഗ്ദാനം ചെയ്യുന്നതെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു.