‘ലോക ചരിത്രത്തില്‍ എവിടെയാണ് നാല് വര്‍ഷം കൊണ്ട് പത്തരക്കോടി ടോയ്‌ലറ്റ് ഉണ്ടാക്കിയിട്ടുള്ളത്? ഏതെങ്കിലും രാജ്യമുണ്ടോ?: മോദിയ്ക്കല്ലാതെ വേറെ ആര്‍ക്കും അതിന് കഴിയില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

single-img
27 January 2019

ലോക ചരിത്രത്തില്‍ ഒരു സര്‍ക്കാരിനും ചെയ്യാനാവാത്ത കാര്യങ്ങളാണ് നാലുവര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നാലു വര്‍ഷംകൊണ്ട് പത്തര കോടി ശൗചാലയങ്ങളുണ്ടാക്കിയിട്ടുള്ള മറ്റൊരു രാജ്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

30 കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ആ അക്കൗണ്ടുകളിലേയ്ക്ക് 5.4 ലക്ഷം കോടി രൂപ ട്രാന്‍സഫര്‍ചെയ്തെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം എന്‍ഡിഎ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന സര്‍വേ ഫലം അല്‍ഫോന്‍സ് കണ്ണന്താനം തള്ളികളഞ്ഞു. സര്‍വേ ഫലം കാര്യമാക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച രീതിയില്‍ ജയിച്ച് അധികാരം നേടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്‌നമാണെന്നും കണ്ണന്താനം പറഞ്ഞു. നമ്പി നാരായണന് കിട്ടിയ പുരസ്‌കാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണ്. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ ആഹ്ലാദിക്കുകയാണ് വേണ്ടത്. അംഗീകാരം കിട്ടുമ്പോള്‍ പാരവെക്കുന്നത് മലയാളിയുടെ ഡി.എന്‍.എ പ്രശ്നമാണ്. സെന്‍കുമാര്‍ ബിജെപി അംഗമല്ലെന്നും അഭിപ്രായം പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.