ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ‘പാഠം പഠിപ്പിക്കാന്‍’ ഉറപ്പിച്ച് പോലീസ്

single-img
27 January 2019

വാഹനാപകടം കുറയ്ക്കാന്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി കേരള ട്രാഫിക് പോലീസ്. വാഹനം വളരെ പെട്ടെന്ന് വളയ്ക്കുമ്പോഴും അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുമ്പോഴുമാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നതെന്ന ബോധവത്കരണം നല്‍കാന്‍ കേരള ട്രാഫിക് പോലീസിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്:

ഓട്ടോറിക്ഷ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: വളരെ പെട്ടെന്ന് Right Turn കളും U-Turn കളും ചെയ്യുക, അമിതവേഗതയില്‍ മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുക എന്നീ സമയങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ അവയുടെ വലതുവശത്തുകൂടി മാത്രം അങ്ങനെ ചെയ്യുക. ഇന്‍ഡികേറ്റര്‍ അനാവശ്യമായി ഓണ്‍ ചെയ്ത് വണ്ടി ഓടിക്കരുത്.

വഴി വക്കില്‍ നില്‍ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ, തിരിക്കുന്നതിനോ മുന്‍പായി പുറകില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്ന വിധത്തില്‍ സിഗ്നല്‍ നല്‍കിയ ശേഷം മാത്രമേ വാഹനം നിര്‍ത്തുകയോ, തിരിക്കുകയോ ചെയ്യാവൂ.

വളവുകളിലും, കവലകളിലും റോഡിന്റെ മുന്‍ഭാഗം കാണുവാന്‍ പാടില്ലാതിരിക്കുമ്പോഴും മറ്റ് വാഹനങ്ങളെ മറികടക്കരുത്. ഓട്ടോറിക്ഷകളില്‍ ആളെ കുത്തിനിറച്ച് നിയമാനുസൃതമായതില്‍ കൂടുതല്‍ ആളുകളുമായി സവാരി നടത്തരുത്.

ഓട്ടോറിക്ഷാ ഡ്രൈവറുടെ സീറ്റില്‍ മറ്റൊരാളെയും കയറ്റി ഓട്ടോ ഓടിക്കരുത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നിയമാനുസൃതമായ യൂണിഫോം ധരിക്കേണ്ടതാണ്. വാഹന യാത്രക്കാരില്‍ നിന്നും നിയമാനുസൃതമായ യാത്രക്കൂലി മാത്രം വാങ്ങുക. അവര്‍ എന്തെങ്കിലും വസ്തുക്കള്‍ മറന്നുവെച്ചാല്‍ അത് മടക്കി അവരെ തന്നെയോ, അല്ലെങ്കില്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ രേഖാമൂലം ഏല്‍പിക്കുക