‘ഞാന്‍ കൊടുത്ത കേസില്‍ അദ്ദേഹം പ്രതിയാണ്’; സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍

single-img
26 January 2019

ടി.പി സെന്‍കുമാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അപ്രസക്തമെന്ന് നമ്പി നാരായണന്‍. അതിന് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. സെന്‍കുമാറിനെതിരെ താന്‍ നല്‍കിയ കേസ് കോടതിയില്‍ ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. ഇങ്ങനെയൊരു കേസ് നില നില്‍ക്കുമ്പോള്‍ സെന്‍കുമാര്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സെന്‍കുമാറിന്‍റെ എല്ലാ പരാമര്‍ശങ്ങള്‍ക്കും മറുപടി പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താന്‍ നല്‍കിയ പരാതിയിലെ എതിര്‍ കക്ഷിയാണ് സെന്‍കുമാര്‍. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ മറ്റ് കാര്യങ്ങള്‍ താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ചാരക്കേസ് വീണ്ടും അന്വേഷിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടതെന്ന സെന്‍കുമാറിന്‍റെ പരാമര്‍ശം തെറ്റാണ്. സുപ്രീംകോടതി കമ്മിറ്റിയെ നിയോഗിച്ചത് എങ്ങനെ കേസ് കെട്ടിച്ചമച്ചുവെന്നും തെറ്റു കാണിച്ചവരെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. ഇനി കൂടുതല്‍ എന്തെങ്കിലും സെന്‍കുമാറിന് അറിയാമെങ്കില്‍ കോടതിയില്‍ പറയാന്‍ കഴിയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

അദ്ദേഹത്തിന്‍റെ പ്രതികരണം കണ്ടിട്ട് വലിയ വെപ്രാളമുണ്ടെന്ന് തോന്നുന്നു. എല്ലാത്തിനും മറുപടി അര്‍ഹിക്കുന്നില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സെന്‍കുമാര്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടിരുന്നല്ലോ എന്നും നമ്പി നാരായണന്‍ പറഞ്ഞു.

നേരത്തെ, പത്മ പുരസ്‌കാരം നല്‍കേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ നല്‍കിയിട്ടില്ലെന്ന് ആരോപിച്ച സെന്‍കുമാര്‍ ഇത് അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്നും വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ഗോവിന്ദ ചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്‌കാരം നല്‍കുന്നത് കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പരിഹസിച്ചു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി അന്വേഷണം നടത്തുകയാണ്. ആ സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് ശരിയല്ല. നമ്പി നാരായണന്‍ ആദരിക്കപ്പെടേണ്ട എന്ത് സംഭാവനയാണ് നല്‍കിയത് എന്ന് ആര്‍ക്കും അറിയില്ല. മറ്റ് പല കണ്ടുപിടിത്തങ്ങള്‍ക്കും ഒരു അംഗീകാരവും ലഭിക്കുന്നില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഉള്‍പ്പെട്ട ആള്‍ക്ക് പത്മ പുരസ്‌കാരം നല്‍കിയത് തെറ്റാണ് ഇത്.