നമ്പി നാരായണന് പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തത് ബിജെപി എം.പി രാജീവ് ചന്ദ്രശേഖര്‍; കത്ത് പുറത്ത്

single-img
26 January 2019

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാനസര്‍ക്കാര്‍ പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ബിജെപി എം.പിയായ രാജീവ് ചന്ദ്രശേഖറാണ് നമ്പി നാരായണന് പത്മഭൂഷണ്‍ ശുപാര്‍ശ ചെയ്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറിന്റെ ശുപാര്‍ശയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്.

നമ്പി നാരായണന് പത്മഭൂഷണ്‍ ശുപാര്‍ശ നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ ശുപാര്‍ശ കത്ത് പുറത്തുവന്നിരിക്കുന്നത്. പത്മഭൂഷണ്‍ നല്‍കരുതായിരുന്നുവെന്ന മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

പത്മ പുരസ്‌കാരം നല്‍കേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ നല്‍കിയിട്ടില്ല. ഇത് അമൃതില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണ്. അടുത്ത വര്‍ഷം ഗോവിന്ദ ചാമിക്കും അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്‌കാരം നല്‍കുന്നത് കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി അന്വേഷണം നടത്തുകയാണ്. ആ സമിതി അന്വേഷണം നടത്തുന്നതിനിടെ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് ശരിയല്ല. നമ്പി നാരായണന്‍ ആദരിക്കപ്പെടേണ്ട എന്ത് സംഭാവനയാണ് നല്‍കിയത് എന്ന് ആര്‍ക്കും അറിയില്ല. മറ്റ് പല കണ്ടുപിടിത്തങ്ങള്‍ക്കും ഒരു അംഗീകാരവും ലഭിക്കുന്നില്ല. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഉള്‍പ്പെട്ട ആള്‍ക്ക് പത്മ പുരസ്‌കാരം നല്‍കിയത് തെറ്റാണ് ഇത്.

ഇതിന് ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണം. ഈ പുരസ്‌കാരത്തിന് ഇദ്ദേഹത്തെ നിര്‍ദേശിച്ചവര്‍ക്കും ഉത്തരവാദിത്വമുണ്ട്. സുപ്രീം കോടതി വിധി വന്നതിന് ശേഷം അദ്ദേഹത്തിന് ഈ പുരസ്‌കാരം നല്‍കിയിരുന്നെങ്കില്‍ അംഗീകരിക്കുമായിരുന്നു. തന്റെ പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ തനിക്ക് മറുപടി വേണം. സര്‍ക്കാരുകളോടും രാഷ്ട്രപതിയോടും ഉള്ള ബഹുമാനം നിലനിര്‍ത്തിയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. നമ്പി നാരായണന്റെ സംഭാവന എന്താണ് എന്ന് പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. ആരാണ് പുരസ്‌കാരത്തിന് നിര്‍ദേശിച്ചത് എന്നും ആരാണ് ഇത് അനുവദിച്ചത് എന്നുള്ളതും പരിശോധിക്കപ്പെടണം. എന്തിനാണ് നമ്പി നാരായണന്‍ 1994ല്‍ സ്വയം വിരമിച്ചത്. ഇത്രയും ശാസ്ത്രജ്ഞന്മാരുണ്ടായിട്ടും എങ്ങനെയാണ് നമ്പി നാരായണന്‍ മാത്രം പ്രതിയായത്.

24 വര്‍ഷം മുമ്പുള്ള സി.ബി.ഐയെ കുറിച്ച് ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്. ഇത് രാജഭരണമല്ല. ജനാധിപത്യ രാജ്യത്ത് ഒരു പൗരനുള്ള അവകാശമാണ് താന്‍ ഉപയോഗിക്കുന്നത്. തന്നെ കുറിച്ച് തെറ്റായ ആരോപണങ്ങളാണ് നമ്പി നാരായണന്‍ ഉന്നയിച്ചിരുന്നത്. പൊതുസമൂഹത്തിന്റെ മുന്നില്‍ ഇക്കാര്യം അറിയിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇതിനുമറുപടിയുമായി നമ്പിനാരായണനും രംഗത്തെത്തി. സെന്‍കുമാര്‍ പറയുന്നത് തെറ്റാണ്. പ്രസക്തിയില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. അതിന് വില നല്‍കുന്നില്ല. ചാരക്കേസ് അന്വേഷിക്കാനല്ല സുപ്രീംകോടതിയുടെ സമിതി, പോലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നും നമ്പി നാരായണന്‍ പറഞ്ഞു. താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണ്. അതില്‍ അദ്ദേഹത്തിന് വെപ്രാളം ഉണ്ടാകാം. വൈരുദ്ധ്യമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു.