വീടും ബൈക്കും കത്തിച്ച് ഭീഷണി മുഴക്കിയിട്ടും അസ്‌കര്‍ പിന്മാറിയില്ല; ഒടുവില്‍ കോടതി അനുമതിയോടെ കണ്ണൂരിലെ മത്സ്യത്തൊഴിലാളി യുവാവും എംബിബിഎസ് വിദ്യാര്‍ഥിനിയും വിവാഹിതരായി

single-img
26 January 2019

കക്കാട് സ്വദേശികളായ ബി.കെ.മുഹമ്മദ് അസ്‌കറും സഹലയും കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ വിവാഹിതരായി. മൂന്നു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. കക്കാട് ജുമാഅത്ത് പള്ളിയില്‍ നടന്ന ചടങ്ങില്‍ നിന്നു വധുവിന്റെ വീട്ടുകാരും ബന്ധുക്കളും വിട്ടുനിന്നു. മുഹമ്മദ് അസ്‌കര്‍ മത്സ്യത്തൊഴിലാളിയാണ്. സഹല എംബിബിഎസ് വിദ്യാര്‍ഥിനിയും.

പ്രണയത്തില്‍ ഇരുവരും ഉറച്ച് നിന്നതോടെ ബന്ധുക്കള്‍ ഇടപെട്ട്, വിവാഹം യുവതിയുടെ പഠനശേഷം നടത്താമെന്നു തീരുമാനിച്ചിരുന്നു. ഇതിനിടയില്‍ പ്രണയത്തില്‍ നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ടു യുവതിയുടെ സഹോദരനും അമ്മാവനും അസ്‌കറിനെ ആക്രമിച്ചതായും പരാതിയുണ്ടായി.

തുടര്‍ന്നു യുവതിയെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ മാനസിക രോഗത്തിനു ചികിത്സിക്കാന്‍ നീക്കം നടത്തുന്നതിനിടെ അസ്‌കര്‍ യുവതിയെ പൊലീസിന്റെ വനിതാ സെല്ലില്‍ എത്തിക്കുകയായിരുന്നു.

കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. അടുത്ത ദിവസം നിക്കാഹ് നടത്തുമെന്നു അസ്‌കര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

പ്രണയത്തില്‍ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്നു അസ്‌കറിന്റെ വീടും ബൈക്കും കഴിഞ്ഞ ദിവസം അഗ്‌നിക്കിരയാക്കപ്പെട്ടിരുന്നു. ഇതോടെ അസ്‌കറിന്റെ ബന്ധുവീട്ടിലാണ് ഇരുവരുമുള്ളത്. സഹലയുടെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുമെന്ന് അസ്‌കര്‍ പറഞ്ഞു.

അസ്‌കറിന്റെ വീട് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് കത്തിനശിച്ചത്. ശബ്ദം കേട്ടു വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും ജനലുകളും കതകുകളും പാടേ നശിച്ചിരുന്നു. വീടിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കും പൂര്‍ണമായി നശിച്ചു. വീട്ടുകാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരുക്കില്ല.

ജനല്‍ ഗ്ലാസ് തകര്‍ത്തു മുറിക്കുള്ളിലേക്കു പെട്രോള്‍ ഒഴിച്ചു തീയിടുകയായിരുന്നെന്നാണു പൊലീസ് കരുതുന്നത്. പ്രണയത്തില്‍ നിന്നു പിന്‍മാറണമെന്നു യുവതിയുടെ ബന്ധുക്കള്‍ അസ്‌കറിനോട് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ യുവതിയുടെ സഹോദരനും സംഘവും മകനെ മര്‍ദിച്ചതായി അസ്‌കറിന്റെ ഉമ്മ ബി.കെ.സാബിറ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

വീടിനു സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പോലീസ് സഹായം ലഭിച്ചില്ലെന്ന് അസ്‌കര്‍ പറഞ്ഞു. കുടുംബപ്രശ്നമാണെന്നും ഇടപെടാന്‍ പറ്റില്ലെന്നും പറഞ്ഞ് പൊലീസ് ഒഴിഞ്ഞു മാറി. മേലുദ്യോഗസ്ഥരെ കാണുമെന്നു പറഞ്ഞപ്പോള്‍ മാത്രമാണു പരാതി സ്വീകരിക്കാന്‍ പൊലീസ് തയാറായതെന്നും അസ്‌കര്‍ പറഞ്ഞു.

മര്‍ദ്ദനക്കേസില്‍ യുവതിയുടെ ബന്ധുക്കളായ കെ.കെ.അനസ് (28), കെ കെ.ശബീര്‍ (45) എന്നിവരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.