പ്രവാസികള്‍ അന്വേഷിച്ച കെഎസ്ആര്‍ടിസിയിലെ ആ കണ്ടക്ടര്‍ ഇതാ

single-img
26 January 2019

പ്രവാസി യാത്രക്കാരുടെ ലഗേജുകള്‍ ഇറക്കാനും കയറ്റാനും സഹായിക്കുന്ന കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഈ കണ്ടക്ടറെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നത്. ഒടുവില്‍ കോട്ടക്കല്‍ കോട്ടൂര്‍ സ്വദേശിയായ ഫൈസല്‍ കറുത്തേടത്താണ് നവമാധ്യമങ്ങള്‍ താരമാക്കിയ കണ്ടക്ടര്‍ എന്ന് കണ്ടെത്തി.

സംഭവം വൈറലായതൊന്നും ഫൈസല്‍ അറിഞ്ഞിരുന്നില്ല. കൂട്ടുകാര്‍ വിളിച്ചപ്പോഴാണ് അറിയുന്നത്. ഭൂരിഭാഗം കണ്ടക്ടര്‍മാരും ചെയ്യുന്ന പ്രവൃത്തിയേ താനും ചെയ്തിട്ടുള്ളുവെന്നാണ് ഫൈസല്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ എല്ലാവരും ശ്രമിക്കണമെന്നു ഫൈസല്‍ പറയുന്നു. എട്ടുവര്‍ഷമായി കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു.

എം പാനല്‍ നിയമനം മൂലം ഉറ്റ സുഹൃത്തുക്കളെ നഷ്ടപ്പെട്ടതായും ഫൈസല്‍ പറഞ്ഞു. പെരുങ്കുളം താഹിര്‍ കുട്ടി ഖദീജ എന്നിവരുടെ മകനാണ്. സഹോദരങ്ങളായ ജലീല്‍ കറുത്തേടത്ത് മഞ്ചേരി എസ്.ഐയും, സഫീര്‍ അസ്ലം മലപ്പുറം സ്റ്റേഷനിലെ സി.പി ഒ യുമാണ്. ഹഫ്‌സത്താണ് ഭാര്യ. അജ്മല്‍ മഹമൂദ് ഏക മകനാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് നെടുമ്പാശ്ശേരിയില്‍ നിന്നും പട്ടാമ്പി മലപ്പുറം വഴി കോഴിക്കോട്ടേക്കുള്ള ലോ ഫ്‌ളോര്‍ ബസില്‍ യാത്രക്കാര്‍ക്കൊപ്പം ലഗേജുകള്‍ കയറ്റാനും ഇറക്കാനും ഫൈസല്‍ ഒപ്പം കൂടിയത്. പട്ടാമ്പിയിലെത്തിയപ്പോള്‍ അഞ്ചോളം യാത്രക്കാര്‍ ഒരുമിച്ചിറങ്ങി. ഒപ്പം കണ്ടക്ടറും.

ഓരോ ബാഗുകളും ചോദിച്ചറിഞ്ഞ് ഇറക്കുന്ന വീഡിയോ മറ്റൊരു യാത്രക്കാരന്‍ മൊബെലില്‍ പകര്‍ത്തി ഫെയ്‌സ് ബുക്കിലിട്ടു. കെ.എസ്.ആര്‍.ടി.സി കാണണം ഈ കണ്ടക്ടറുടെ ആത്മാര്‍ത്ഥത എന്ന അടിക്കുറിപ്പോടെയായിരുന്നു പ്രചരണം. ഇതോടെ സമൂഹമാധ്യമം ഇതേറ്റെടുക്കുകയായിരുന്നു.

#KSRTC #കാണണം ഈ #കണ്ടക്ടറുടെ ആത്മാർത്ഥത.ഞാൻ തൃശ്ശൂരിൽ നിന്നും മലപ്പുറത്തേക്ക് നമ്മുടെ സ്വന്തം കെ.എസ്.ആർ.ടിസിയുടെ എ.സി ലോ ഫ്ലോർ ബസിൽ യാത്ര ചെയ്യുകയാണ്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മലപ്പുറത്തേക്കുള്ള JN458 എന്ന ബസാണ്. സമയം 12.40 pm. പതിനൊന്ന് മണിക്ക് തൃശൂരിൽ നിന്നും എടുത്തപ്പോൾ മുതൽ ഈ ബസിലെ കണ്ടക്ടറെ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്. പ്രവാസികളായ യാത്രക്കാരാണ് ഏറെയും. അതിനാൽ വണ്ടി നിറയെ ലഗേജുകളാണ്. ഈ ലഗേജൊക്കെ ഈ കണ്ടക്ടർ ഒറ്റയ്ക്ക് ഒതുക്കി വയ്ക്കുന്നു. എല്ലാം ഇരുപതും മുപ്പതും കിലോയുള്ള ലഗേജുകൾ. എല്ലാം സൂഷ്മമായിട്ടാണ് അടുക്കി വെക്കുന്നതും. സാധാരണ കണ്ടക്ടർ ലഗേജുകൾ ഒതുക്കി വയ്ക്കൂ എന്ന് പറഞ്ഞ് ഒച്ച വയ്ക്കുകയാണ് പതിവ്. എന്നാൽ അരോടും ഒരു പരിഭവുമില്ലാതെ പുള്ളി അതെല്ലാം ചെയ്യുന്നത് കണ്ടപ്പോൾ അതിശയം തോന്നി. ആളുകൾ ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ ഇതൊക്കെ ഈ കണ്ടക്ടർ തന്നെ ഇറക്കി കൊടുക്കുന്നത് കണ്ട് വീണ്ടും ഞെട്ടി. സത്യം പറഞ്ഞാൽ ചുമട്ടു തൊഴിലാളികൾ പോലും ഇത്ര അത്മാർത്ഥതയോടെ പണിയെടുക്കില്ല. പുള്ളി അറിയാതെ ഞാൻ ആ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാർ കെ.എസ്.ആർ.ടി.സിയിലുണ്ട് എന്ന് എല്ലാവരും അറിയട്ടെ എന്നു കരുതിയാണ് ഞാനിവിടെ ഷെയർ ചെയ്യുന്നത്.Peeyoosh RAnavandi KeralaKSRTC BusfanAanavandiAanavandi Travel BlogTeam Aanavandi – KSRTC Blog

Posted by Kannur Airport FB-Fans on Saturday, January 19, 2019