അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത് ധോണി- ജാദവ് കൂട്ടുകെട്ട്; ന്യൂസീലന്‍ഡിന് 325 റണ്‍സ് വിജയലക്ഷ്യം

single-img
26 January 2019

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിന് 325 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. രോഹിതിന്റെയും ധവാന്റെയും സ്വപ്ന തുടക്കവും അവസാന ഓവറുകളിലെ റായുഡു- ധോണി- ജാദവ് വെടിക്കെട്ടുമാണ് ഇന്ത്യയെ 50 ഓവറില്‍ 324-4 എന്ന വമ്പന്‍ സ്‌കോറിലെത്തിച്ചത്. രോഹിത് ശര്‍മ്മയാണ്(87) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കിവികള്‍ക്കായി ബോള്‍ട്ടും ഫെര്‍ഗൂസനു രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഏകദിന സ്‌കോറാണിത്. 2009ല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 393 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ ശിഖര്‍ ധവാന്‍ സഖ്യം 152 പന്തില്‍ 154 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 96 പന്തില്‍ ഒന്‍പതു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 87 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ശിഖര്‍ ധവാനും (66) അര്‍ധസെഞ്ചുറി നേടി.

സെഞ്ചുറിയിലേക്ക് നീങ്ങവെ രോഹിതിനെ 87ല്‍ നില്‍ക്കേ ഫെര്‍ഗുസന്‍ മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 172. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്‍ ഷോ. എന്നാല്‍ മൂന്നാം വിക്കറ്റില്‍ കോലിയും റായുഡുവും ഇന്ത്യയെ മുന്നോട്ടുനയിച്ചു.

എന്നാല്‍ 40-ാം ഓവറിലെ ആദ്യ പന്തില്‍ ബോള്‍ട്ടിന്റെ ബൗണ്‍സറില്‍ കോലി വീണു. സോധിയുടെ കൈകളില്‍ 43 റണ്‍സുമായി കോലിയുടെ ഇന്നിംഗ്‌സ് അവസാനിച്ചു. സ്‌കോര്‍ മൂന്നിന് 236.

എന്നാല്‍ ധോണിയെ കൂട്ടുപിടിച്ച് റായുഡു അടിതുടങ്ങിയപ്പോള്‍ ഇന്ത്യ വീണ്ടും കൂറ്റന്‍ സ്‌കോര്‍ മുന്നില്‍കണ്ടു. ഇരുവരുടെയും ഇന്നിംഗ്സ് ഇന്ത്യയെ അവസാന ഓവറുകള്‍ വരെ നയിക്കുമെന്ന് തോന്നിച്ചെങ്കിലും ഫെര്‍ഗൂസന്‍ വില്ലനായി.

ധോണി തളരാതെ കളിച്ചപ്പോള്‍ 46-ാം ഓവറില്‍ റായുഡു(47) റിട്ടേണ്‍ ക്യാച്ചില്‍ പുറത്ത്. അവസാന നാല് ഓവറുകളില്‍ 48 റണ്‍സ് ഇന്ത്യ അക്കൗണ്ടിലാക്കി. ധോണി 33 പന്തില്‍ 48 റണ്‍സും ജാദവ് 10 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

2014ലെ ഏകദിന പരമ്പരയില്‍ നാണംകെടുത്തിവിട്ട ന്യൂസീലന്‍ഡിനോടു പ്രതികാരം ചെയ്യാനുറച്ചാണ് ഇക്കുറി ഇന്ത്യയുടെ കളി. 2014ല്‍ ഇന്ത്യ ഒടുവില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ഏകദിന പരമ്പര ന്യൂസീലന്‍ഡ് 4-0നു ജയിച്ചു. ഒരു മല്‍സരം ടൈ ആയി. ഇപ്പോഴത്തെ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണായിരുന്നു അന്ന് ടോപ് സ്‌കോറര്‍ 361 റണ്‍സ്. ഇന്ത്യന്‍ നിരയില്‍ വിരാട് കോഹ്ലിയും 291 റണ്‍സ്.