സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത വനിതാ ഡിസിപിയെ മണിക്കൂറുകള്‍ക്കകം തെറിപ്പിച്ചു

single-img
26 January 2019

പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ വനിതാ ഡിസിപി (ഡപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ്)യെ മണിക്കൂറുകള്‍ക്കകം മാറ്റി. ക്രമസമാധാനപാലന ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കു മടക്കിയത്.

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനു നേരേ കല്ലേറു നടത്തിയ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കളെ തേടിയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ പോലീസ് ജില്ലാക്കമ്മിറ്റി ഓഫീസില്‍ എത്തിയത്. സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പരിശോധന നടത്തുമെന്ന നിലപാടില്‍ ഡി.സി.പി. ഉറച്ചുനിന്നു. തുടര്‍ന്നാണ് ഇവര്‍ പരിശോധന നടത്തിയത്.

എന്നാല്‍, ആരെയും അറസ്റ്റുചെയ്യാനായില്ല. തുടര്‍ന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിയോട് വിശദീകരണം തേടി. തുടര്‍ന്നാണ് ഡിസിപിയെ മണിക്കൂറുകള്‍ക്കകം മാറ്റിയത്.

ശബരിമല ഡ്യൂട്ടിയിലായിരുന്ന ആര്‍.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിനു ഡിസിപിയുടെ അധിക ചുമതല നല്‍കിയത്. 21നു ശബരിമല ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കല്‍ അവധിയിലായിരുന്നു. എന്നാല്‍ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.

പോക്‌സോ കേസില്‍ അറസ്റ്റിലായ 2 പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐക്കാരുടെ അതിക്രമം. മുതിര്‍ന്ന നേതാവുള്‍പ്പെടെ അന്‍പതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരു്‌നു. എന്നാല്‍ പ്രതികളെ പിടിക്കാതെ മെഡിക്കല്‍ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നല്‍കി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് റെയ്ഡ് നടന്നത്.