തിരുവനന്തപുരം സി.പി.എം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണ്‍ ‘ചില്ലറക്കാരിയല്ല’; സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്ന ജോണ്‍ ജോസഫിന്റെ മകള്‍

single-img
26 January 2019

ഭരണ സിരാകേന്ദ്രത്തിലെ പാര്‍ട്ടി ജില്ലാ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തിയത് രാഷ്ട്രീയക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതികളെ തേടി ഡി.സി.പി. ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത്.

സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അവഗണിച്ച് ഡി.സി.പി. പരിശോധന നടത്തുകയായിരുന്നു. തനിക്കു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് വിശദീകരണം ചോദിച്ച ഡി.ജി.പിയോടും മുഖ്യമന്ത്രിയോടും ചൈത്ര മറുപടി നല്‍കിയത്.

സംഭവം വിവാദമായതോടെ ഇന്നലെ തന്നെ ഡി.സി.പിയുടെ അധിക പദവി ചൈത്ര ഒഴിഞ്ഞു. നിലവില്‍ ചൈത്ര കന്റോണ്‍മെന്റ് എ.സി.പിയാണ്. സി.പി.എം ഓഫിസ് റെയ്ഡ് വാര്‍ത്തയായതോടെ ചൈത്ര തെരേസ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.

1983 ഐ.ആര്‍.എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്റെ മകളാണ് ചൈത്ര തെരേസ ജോണ്‍. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി. കസ്റ്റംസിലും ഡി.ആര്‍.ഐയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് ഒരുകാലത്ത് സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്നു.

മലബാര്‍ കേന്ദ്രീകരിച്ചു നടത്തിയ സ്വര്‍ക്കടത്ത് നിരവധി തവണ പിടികൂടി ഞെട്ടിച്ച ഉദ്യോഗസ്ഥന്‍. നിലവില്‍ ഡല്‍ഹി സ്‌പെഷല്‍ സെക്രട്ടറി, ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഡി.ആര്‍.ഐയുടെ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂള്‍ പഠനം. കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ് നേടിയിട്ടുണ്ട് ചൈത്ര. 2016 ഐ.പി.എസ്. ബാച്ചുകാരി. സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. ഐ.പി.എസ്. ലിസ്റ്റില്‍ ഒന്നാമതായിരുന്നു.

കേരള കാഡര്‍ ഉദ്യോഗസ്ഥ. വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്റെ തുടക്കം. പിന്നെ, തലശേരി എ.എസ്.പിയായി. ദീര്‍ഘകാലം തലശേരിയില്‍ ജോലി ചെയ്തപ്പോഴും കണ്ണൂരിലെ സി.പി.എമ്മുമായി ഇങ്ങനെ ഉടക്കേണ്ടി വന്നിട്ടില്ല. ക്രമസമാധാന ചുമതലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച വനിത ഉദ്യോഗസ്ഥയാണ്.

പുതിയ തലമുറയിലെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നല്ല പ്രകടനം കാഴ്ചവച്ച യുവ ഉദ്യോഗസ്ഥ. നിലവില്‍ വുമണ്‍ സെല്‍ എസ്.പി. അവിവാഹിതയാണ്. അമ്മ ഡോ.മേരി എബ്രഹാം വെറ്ററിനറി വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ഏകസഹോദരന്‍ ഡോ.അലന്‍ ജോണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പി.ജി. വിദ്യാര്‍ഥിയാണ്.