റിലീസിനു മുന്നേ സമൂഹമാധ്യമങ്ങള്‍ കീഴടക്കി ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’

single-img
26 January 2019

പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’. ചിത്രത്തിന്റെ ട്രയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. ഏഴ് ലക്ഷത്തിന് മുകളിലാണ് ട്രെയിലറിന്റെ ഡിജിറ്റല്‍ കാഴ്ചക്കാരുടെ എണ്ണം. യൂട്യൂബില്‍ മാത്രമായി മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ട്രെയിലര്‍ കണ്ടു. ഫെയ്സ്ബുക്കില്‍ നാല് ലക്ഷവും.

ഒരു കേസിന്റെ ഭാഗമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം നീങ്ങുന്നതെന്നാണ് ട്രെയിലറിലൂടെ മനസിലാകുന്നത്. ദിലീപിന്റെ സ്റ്റൈലിഷ് ഗെറ്റപ്പും ആക്ഷന്‍ രംഗങ്ങളും ട്രെയിലറിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.

ദിലീപ്, സിദ്ദീഖ്, മംമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിര തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. അഖില്‍ ജോര്‍ജ്ജാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ഹരിനാരായണനാണ് ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്.