തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്; രണ്ടാം ദിവസവും ഹൗസ്ഫുള്‍

single-img
26 January 2019

പ്രണവിനെ നായകനാക്കി അരുണ്‍ഗോപിയൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് തിയേറ്ററുകളില്‍ മികച്ച പ്രതികരണംനേടി മുന്നേറുകയാണ്. ആദിയേക്കാള്‍ പ്രണവ് പുരോഗതി പ്രാപിച്ചിരിക്കുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം.

ആദ്യദിനം തന്നെ പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണം കൂടി വന്നതോടെ രണ്ടാം ദിനവും മിക്ക തിയേറ്ററുകളും ഹൗസ്ഫുള്ളായിരുന്നു. ഇന്നും നാളെയും അവധി ദിനം കൂടിയായതിനാല്‍ ചിത്രം, പ്രതീക്ഷിച്ചതിനെക്കാള്‍ കളക്ഷന്‍ നേടുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

നായകന്‍ പ്രണവ് മോഹന്‍ലാലിന്റെയും സംവിധായകന്‍ അരുണ്‍ ഗോപിയുടെയും രണ്ടാമൂഴമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയോട് സാദൃശ്യം തോന്നിക്കുന്ന തരത്തിലുള്ള പേര് തന്നെ ആരാധകര്‍ക്കിടയില്‍ ചിത്രത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു.

മുളകുപാടം ഫിലിംസിന് വേണ്ടി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച സിനിമ തീകച്ചും കച്ചവട സിനിമക്ക് വേണ്ട എല്ലാ ചേരുവകകളും ചേര്‍ത്തിണക്കിയൊരുക്കിയ ഒരു സിനിമയാണ്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ ടാഗ് ലൈന്‍.

ഒരു ആക്ഷന്‍ ചിത്രത്തേക്കാളുപരി പ്രണയ സിനിമയെന്ന വിശേഷണമാകും സിനിമയ്ക്ക് കൂടുതല്‍ ചേരുക. ആദിയില്‍ ചാടി മറിയുന്ന പ്രണവിനെയാണ് കണ്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കാമുകനായി ആടിപ്പാടുന്ന അപ്പുവിനെയാകും കാണാനാകുക. താരപുത്രന്റെ രണ്ടാം വരവ് ആദ്യ സിനിമയില്‍ നിന്ന് വ്യത്യസ്തം തന്നെയെന്ന് വ്യക്തം.

പ്രണയിനിയെ സ്വന്തമാക്കാന്‍ കാമുകന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷനും പ്രണയവും കോര്‍ത്തിണക്കി കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോവന്‍ പശ്ചാത്തലത്തില്‍ ചെറിയ തമാശകളും പ്രണയവുമായി പതിഞ്ഞ താളത്തില്‍ നീങ്ങുന്ന ആദ്യ പകുതി ഇടവേളയോട് അടുക്കുമ്പോള്‍ ആവേശകരമാകുന്നു. പിന്നീട് അങ്ങോട്ട് ചിത്രത്തിന്റെ ഗതി തന്നെ മാറുകയാണ്. ഉദ്വേഗം നിറഞ്ഞ നിമിഷങ്ങളും ആക്ഷന്‍ രംഗങ്ങളുമുള്ള രണ്ടാം പകുതി പ്രേക്ഷകനെ പിടിച്ചിരുത്തും.

വര്‍ഗീയത, കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍, രാഷ്ട്രീയ പകപോക്കല്‍ എന്നിങ്ങനെയുള്ള സമകാലിക സാമൂഹിക പ്രശ്‌നങ്ങളെ കൂടി പ്രതിപാദിക്കുന്നുണ്ട് ചിത്രം. സ്വന്തം വീട്ടില്‍പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വസ്തുത ഒന്നുകൂടി ഓര്‍മപ്പെടുത്തുന്നു ഈ ചിത്രം. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിരിക്കുന്നത്.

ആദിയിലെ ആദിത്യ മോഹനില്‍ നിന്നും അപ്പുവിലേക്ക് എത്തുമ്പോള്‍ അഭിനയത്തില്‍ പ്രണവ് ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു. അപ്പുവെന്ന കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ പ്രണവിന് കഴിഞ്ഞു. പ്രണവും നായികയായ സായയും തമ്മിലുള്ള കെമിസ്ട്രി സിനിമയുടെ മറ്റൊരു ആകര്‍ഷണ ഘടകമാണ്.

ബാബയെ അവതരിപ്പിച്ച മനോജ് കെ. ജയന്‍, പ്രണവിന്റെ കൂട്ടുകാരനായി (മക്രോണി) അഭിരവ് ജനന്‍ എന്നിവരാണ് കയ്യടി നേടുന്ന മറ്റുതാരങ്ങള്‍. ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സുരേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് രാജ്, നെല്‍സണ്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ആന്റണി പെരുമ്പാവൂര്‍ ഗോകുല്‍ സുരേഷ് എന്നിവരുടെ അതിഥി വേഷങ്ങളും ഗംഭീരമാക്കി.