ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി അടിപതറും; നഷ്ടമാകുന്നത് 99 സീറ്റുകൾ: മോദിക്ക് തിരിച്ചടി പ്രവചിച്ച് ഇന്ത്യാടുഡെ- കാര്‍വി സര്‍വെ

single-img
25 January 2019

ലോക്‌സഭയിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രാധനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വൻ തിരിച്ചടി ലഭിക്കുമെന്ന് ഇന്ത്യാടുഡെ- കാര്‍വി അഭിപ്രായ സര്‍വെ. ഇപ്പോഴുള്ള സീറ്റുകളിൽ നിന്നും 99 സീറ്റുകള്‍ എന്‍ഡിഎക്ക് നഷ്ടമാകുമെന്നാണ്  സര്‍വെ പറയുന്നത്.

എന്നാൽ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭയായിരിക്കും തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ഉണ്ടാവുകയെന്നും സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് 272 പേരാണ് ആവശ്യം. നിലവിലുള്ളതില്‍നിന്ന് 99 സീറ്റുകള്‍ കുറയുമ്പോള്‍ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം  ലഭിക്കില്ല.

2014ലെ ലോക്‌സഭാ തരെഞ്ഞെടുപ്പില്‍ ബിജെപി തനിച്ച് കേവല ഭൂരിപക്ഷത്തിനുള്ള 272  സീറ്റ് മറികടന്നിരുന്നു. എന്നാലിപ്പോൾ 237 സീറ്റുകളില്‍ എന്‍ഡിഎയുടെ സീറ്റ് നില ഒതുങ്ങുമെന്നാണ് ഇന്ത്യാടുഡെ -കാര്‍വി പ്രവചിക്കുന്നത്.   അതേസമയം കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎയുടെ സീറ്റില്‍ വന്‍ കുതിപ്പാണ് സര്‍വെ പ്രവചിക്കുന്നത്. 106 സീറ്റുകള്‍ അധികം നേടി യുപിഎയയ്ക്ക് അംഗബലം 166ലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നും സര്‍വെ പ്രവചിക്കുന്നു.

എന്‍ഡിഎയുടെയും യുപിഎയുടെയും ഭാഗമാക്കാത്ത മറ്റ് പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 140 സീറ്റുകള്‍ സ്വന്തമാക്കുമെന്നും  സർവ്വേ പറയുന്നുണ്ട്. രാജ്യത്തെ വിവിധയിടങ്ങളിലായി 12,166 പേരില്‍ നേരിട്ട് അഭിപ്രായം തേടിയതിലൂടെയാണ് സര്‍വെയിലെ നിഗമനങ്ങള്‍. 97 ലോക്‌സഭാ മണ്ഡലങ്ങളിലായിരുന്നു സര്‍വെ. ഡിസംബര്‍ 28നും ജനുവരി എട്ടിനും ഇടയിലായിരുന്നു ഇന്ത്യാ ടുഡെ -കാര്‍വി അഭിപ്രായം ശേഖരിച്ചത്.
എന്‍ഡിഎയുടെ വോട്ട് വിഹിതം 2014ലെ അപേക്ഷിച്ച് ഗണ്യമായി കുറയും. യുപിഎ വോട്ട് വിഹിതത്തിലും നല്ല മുന്നേറ്റമുണ്ടാക്കും. എങ്കിലും യുപിഎയുടെ വോട്ട് വിഹിത്തേക്കാള്‍ കൂടുതലായിരിക്കും എന്‍ഡിഎയുടെ വിഹിതം. എന്‍ഡിഎയ്ക്ക് 35 ശതമാനം വോട്ടും യുപിഎയ്ക്ക് 33 ശതമാനം വോട്ടുമാണ് സര്‍വെ പ്രവചിക്കുന്നത്. 2014ല്‍ എന്‍ഡിഎക്ക് 38 ശതമാനം വോട്ടുണ്ടായപ്പോള്‍ യുപിഎയുടെ വോട്ട് ശതമാനം 23 ശതമാനവുമായിരുന്നു.