പ്രളയം നേരിടാൻ കേരളത്തിലെ ജനങ്ങൾ പ്രകടിപ്പിച്ച ഐക്യം പിന്നീട് നഷ്ടപ്പെട്ടു: അമൃതാനന്ദമയി

single-img
25 January 2019

പ്രളയം നേരിടാൻ കേരളത്തിലെ ജനങ്ങൾ പ്രകടിപ്പിച്ച ഐക്യം പിന്നീട് നഷ്ടപ്പെട്ടുവെന്ന് അമൃതാനന്ദമയി.  രാഷ്ട്രീയ, സാമൂദായിക കാരണങ്ങളുടെ പേരിലുള്ള ചേരിതിരിവ് ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിരുംഗമ്പാക്കത്തുള്ള ബ്രഹ്മസ്ഥാനം ക്ഷേത്രത്തിൽ നടന്ന ദർശനപരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് അമൃതാനന്ദമയി ഇക്കാര്യങ്ങൾ പറഞ്ഞത്.

മനുഷ്യജീവിതത്തിലെ ഏറ്റവുംവലിയ പരാജയം കോപമാണെന്നും ഏറ്റവുംവലിയ വിജയം ക്ഷമയാണെന്നും അവർ വ്യക്തമാക്കി. ദേഷ്യം വരുമ്പോൾ മനസ്സിൽ ഇരുട്ട് വ്യാപിക്കും. കരുണയ്ക്കും കൃപയ്ക്കും തടസ്സമുണ്ടാക്കുന്നത് ഇരുട്ടാണ്. ഇതിൽനിന്ന് മോചനം നേടാൻ സാധിക്കണമെന്നും അമൃതാനന്ദമയിപറഞ്ഞു.

ഇന്ന് മനുഷ്യർ ഓട്ടത്തിലാണ്. സഹജീവികളോട് ഒരുവാക്ക് പറയാൻ സാധിക്കുന്നില്ല. എല്ലവരുടെയും അകത്തും പുറത്തും വേദനയാണ്. മനസ്സ് നിറയ നിരാശയും ആത്മവിശ്വാസമില്ലായ്മയുമാണ്. എല്ലാം തകരുന്നുവെന്ന് അറിഞ്ഞിട്ടും വേഗത്തിന് ഒരു കുറവുമില്ല. താൻ എന്താണെന്നും എന്തിന് വേണ്ടിയാണെന്നും അറിയാതെ മുന്നോട്ട് നീങ്ങുകയാണ് ഒരോരുത്തരും. എപ്പോൾ വേണമെങ്കിലും വീഴാമെങ്കിലും ഓട്ടം നിർത്തുന്നില്ലെന്നും അവർ പ്രസംഗത്തിൽ പറഞ്ഞു.

മനുഷ്യനുണ്ടാക്കിയ നിയമം പാലിക്കുന്നത് പോലെ ത്തന്നെ പ്രകൃതിനിയമങ്ങളും പാലിക്കാൻ തയ്യാറാകണം. കേരളത്തിലെ പ്രളയം ഈ സന്ദേശം ഓർമിപ്പിക്കുന്നു. പ്രളയം നേരിട്ടപ്പോൾ സഹജീവികളെ സഹായിക്കാൻ എല്ലാവരും ഒന്നിച്ചു. സ്നേഹമാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിൽ. എല്ലാവരുടെയും ഉള്ളിൽ കാരുണ്യത്തിന്റെ ശക്തിയുണ്ട്. അത് ജ്വലിപ്പിക്കണമെന്നും അവർ പറഞ്ഞു.