തൃശ്ശൂരും പത്തനംതിട്ടയും ബിഡിജെഎസിനു നൽകുന്നത് ആത്മഹത്യാപരം; സീറ്റ് വിഭജന വിഷയത്തിൽ ബിഡിജെഎസിനെ മൂലയ്ക്ക് ഒതുക്കി ബിജെപി

single-img
24 January 2019

തൃശൂർ സീറ്റിൽ സാധ്യത ഉന്നയിച്ച ബിഡിജെഎസിനെതിരെ ബിജെപി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ ബിഡിജെഎസ് മത്സരിച്ച രണ്ടു സീറ്റുകളിലും വലിയ തോതിലുള്ള ചലനം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നു ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി.

ബിഡിജെഎസിന് തൃശ്ശൂരും പത്തനംതിട്ടയും നല്‍കുന്നത് ആത്മഹത്യാപരമാണെന്നും നേതാക്കള്‍ചൂണ്ടിക്കാട്ടുന്നുണ്ട്.  തൃശ്ശൂരിനു പകരം ചാലക്കുടിയോ കൊല്ലമോ അവര്‍ക്ക് നല്‍കാമെന്നും പത്തനംതിട്ടയ്ക്കു പകരം കോഴിക്കോട് നല്‍കാമെന്നുമാണ് നിലവിൽ ബിജെപി നേതാക്കൾ  ബിഡിജെഎസിനെ അറിയിച്ചതെന്നാണ് സൂചനകൾ.

തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് എന്നീ അഞ്ചു സീറ്റുകളിലാണ് ബിജെപി വിജയ സാധ്യത കല്‍പ്പിക്കുന്നത്. ഇതില്‍ ഏറ്റവും നിര്‍ണായകമാകുന്നത് തൃശ്ശൂര്‍ സീറ്റാണ്. കഴിഞ്ഞ തവണ മണലൂരില്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ് എ എന്‍ രാധാകൃഷ്ണനുവേണ്ടി വാദിക്കുന്ന കൃഷ്ണദാസ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ശബരിമല സമരവുമായി ബന്ധപ്പെട്ട് ശ്രദ്ധനേടിയ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് വി മുരളീധര പക്ഷം ആവശ്യമുന്നയിക്കുന്നത്. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ടയ്ക്കുവേണ്ടി എം. ടി. രമേശ് തുടങ്ങിയവരും രംഗത്തുണ്ട്.