ബെെപ്പാസ് ഉദ്ഘാടനത്തിനു പോകാത്തത് മെട്രോയിൽ കയറിയ കുമ്മനം രാജശേഖരൻ്റെ അനുഭവം ഓർമ്മയുള്ളതിനാൽ: പി എസ് ശ്രീധരൻപിള്ള

single-img
16 January 2019

മെട്രോയിൽ കയറിയ കുമ്മനം രാജശേഖന്റെ അനുഭവം ഓർമ്മയുള്ളതു കൊണ്ടാണ് ബെെപ്പാസ് ഉദ്ഘാടനത്തിനു പോകാത്തതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ്.ശ്രീധരൻപിള്ള. കഴിഞ്ഞ ദിവസം നടന്ന കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തത് സംബന്ധിച്ചാണ് ശ്രീധരൻപിള്ള പ്രതികരിച്ചത്.

തൻ്റെ സാന്നിധ്യം വാർത്തയാകാതിരിക്കാനാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടു നിന്നതെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചപ്പോൾ കൂവൽ ഉണ്ടായതിനെയും ബിജെപി അധ്യക്ഷൻ വിമർശിച്ചു. അത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും  അദ്ദേഹം പറഞ്ഞു.

സത്യഗ്രഹം പോലുള്ള സമര രീതികൾ മാറിയേക്കാമെന്നും എന്നാൽ പ്രഖ്യാപിത ലക്ഷ്യത്തിലെത്തും വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എതിർക്കുന്നവനെ മാനിക്കലാണ് ജനാധിപത്യമെന്നും സി പി എം നേതാക്കൾ പ്രതീക്ഷിക്കുന്നത് പോലെയല്ല ബി ജെ പിയുടെ സമരമെന്നും ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു.