രാജ്യത്തെ ഏതു കമ്പ്യൂട്ടറും നിരീക്ഷിക്കാനും പിടിച്ചെടുക്കാനും അനുമതി നല്‍കിയ ഉത്തരവ്: കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ്

single-img
14 January 2019

രാജ്യത്തെ ഏതു കമ്പ്യൂട്ടറും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കിയതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചു. സംഭവത്തില്‍ വിശദീകരണം തേടിയ കോടതി, ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 20ന്റെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്.

കമ്പ്യൂട്ടറുകള്‍ പരിശോധിക്കാന്‍ രാജ്യത്തെ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കികൊണ്ട് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്. വിവരങ്ങള്‍ വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് ഉത്തരവ്.

രഹസ്യാന്വേഷണ ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സിബിഐ, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മു കശ്മീര്‍, വടക്കു–കിഴക്കന്‍ മേഖല, അസം), ഡല്‍ഹി പൊലീസ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കാണ് ഈ അധികാരം നല്‍കിയത്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഉത്തരവു പുറത്തിറക്കിയത്.

ഇതാദ്യമായാണ് ഇത്രയും വിപുലമായ അധികാരം വിവിധ ഏജന്‍സികള്‍ക്കു നല്‍കുന്നത്. മുന്‍പ് മറ്റുള്ളവര്‍ക്ക് അയയ്ക്കുന്ന ഡേറ്റ പരിശോധിക്കാന്‍ മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. ഇതോടെ, ഫോണ്‍ കോളുകളും ഇമെയിലുകളും മാത്രമല്ല, കംപ്യൂട്ടറില്‍ കാണുന്ന എല്ലാ ഡേറ്റയും ഈ ഏജന്‍സികള്‍ക്കു പരിശോധിക്കാം. വേണമെങ്കില്‍ ഈ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യാം.