ഐ എ എസ് ഉദ്യോഗസ്ഥനായ മകൻറെ സ്വാധീനത്തിൽ കള്ളക്കേസിൽ കുടുക്കി പീഡനം; മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും യുവാവിൻറെ പരാതി

single-img
12 January 2019

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ മകന്റെ സ്വാധീനം ഉപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി. അണ്ടൂര്‍ക്കോണം റോസ് ഹൗസില്‍ ഷിറോസ് ഖാനാണ് അടുത്ത ബന്ധു കൂടി ആയ അണ്ടൂര്‍ക്കോണം തറവാട്ടില്‍, ഷെമി മന്‍സിലില്‍ നാസിമുദ്ദീനെതിരെ പരാതി നല്‍കിയത്.

കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ഈ മാസം ഒന്നിന് ഷിറോസ്ഖാനും നാസിമുദ്ദീനും തമ്മില്‍ വാക്ക് തര്‍ക്കം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് നാസിമുദീന്‍ തന്റെ മകനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ സിയാദിന്റെ സ്വാധീനത്തില്‍ തനിക്കെതിരെ മംഗലാപുരം പോലീസില്‍ വിവിധ വകുപ്പുകളോടുകൂടി കേസ് എടുത്ത് പീഡിപ്പിക്കുകയാണെന്ന് ഷിറോസ്ഖാന്‍ പരാതിയില്‍ പറയുന്നു.

തന്നെ മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കാനായി നാസിമുദ്ദീന്‍ ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നിന്നും മകന്റെ സഹായത്തോടെ കേരളത്തിലെ ഒരു പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥയുടെ ഒത്താശയോടെ വ്യാജ വൂണ്ട് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

ഈ കേസില്‍ പുനരന്വേഷണം നടത്തണമെന്നും, നാസിമുദീന്റെ മകനായ ഐഎഎസ് ഉദ്യോഗസ്ഥന്റെ അധികാര ദുര്‍വിനിയോഗവും അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്നും പരാതിയില്‍ പറയുന്നു. ബംഗാള്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സിയാദ് എന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, തന്നെ കള്ളക്കേസില്‍ കുടുക്കിയതിനെതിരെ ഡിപ്പാര്‍ട്ടമെന്റ് സെക്രട്ടറിക്കും ഇതിനകം പരാതി നല്‍കി കഴിഞ്ഞു.

സംഭവത്തെക്കുറിച്ചു ‘ഇ വാര്‍ത്ത’ അന്വേഷിച്ചപ്പോള്‍ പരിസരവാസികളും നാസിമുദ്ദീനെതിരായ ആരോപണങ്ങള്‍ ശരിവച്ചു. അതേസമയം കുറച്ചുനാള്‍ മുമ്പ് വിസ തട്ടിപ്പില്‍ അകത്തായ പ്രതിയെ തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് സിയാദ് കേസില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും പരിസരവാസികള്‍ ‘ഇവാര്‍ത്ത’യോട് പറഞ്ഞു.