ഇ എം ആഗസ്തി ബിജെപി സമരപ്പന്തൽ സന്ദർശിച്ചത് അദ്ദേഹം ഡയറക്ടറായ കമ്പനിയുടെ 28 ലക്ഷത്തിൻ്റെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ കേന്ദ്ര അന്വേഷണം നടക്കുന്നതിനിടെ

single-img
12 January 2019

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അഡ്വ. ഇഎം ആഗസ്തി കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തൽ കുടുംബസമേതം സന്ദർശിച്ചതിനു പിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് കൂടു മാറുകയാണെന്ന  സൂചനകൾ ഉയർന്നുതുടങ്ങി. ആഗസ്തിയുടെ ഉടമസ്ഥതയിലുള്ള ഏലം കമ്പനിയുടെ 28 ലക്ഷത്തിന്റെ കള്ളപ്പണം കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ പിടികൂടിയതു സംബന്ധിച്ച് ദേശീയ ഏജൻസികളുടെ അന്വേഷണം നേരിടുന്നതിൻ്റെ ഭാഗമായാണ് ബിജെപിയിലേക്കുള്ള കൂടുമാറ്റമെന്ന് ആരോപണം ഉയരുന്നത്.

2016 നവംബറിലാണ് ഇടുക്കി എസ്പി നല്‍കിയ രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടില്‍ നിന്നു പിക്ക് അപ്പ് വാനില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കള്ളപ്പണം പിടികൂടിയത്. വാനിലുണ്ടായിരുന്ന കല്ലാര്‍ താന്നിമൂട് ക്രോറ്റുകുന്നേല്‍ ബൈജു (35), പാമ്പാടുംപാറ അന്യാര്‍തൊളു ജ്യോതിഭവനില്‍ നിഷാന്ത് (22) എന്നിവരെ പിടികൂടി. ഇവര്‍ക്കെതിരെ 102 സി.ആര്‍ പിസി പ്രകാരം കേസെടുത്തിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പിക്ക് അപ്പ് വാന്‍ ഷെഫീഖ് എന്നയാളുടേതാണെന്നും  സുഗന്ധഗിരി സ്‌പൈസസ് പ്രമോട്ടിങ് ആന്റ് ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കള്ളപ്പണമാണ് പിടിച്ചെടുത്തതെന്നും പോലീസ് പറഞ്ഞിരുന്നു.  അന്ന് സ്‌പൈസസ് ബോര്‍ഡ് ദേശീയ വൈസ് ചെയര്‍മാനായിരുന്നു ആഗസ്തി. സ്‌പൈസസ് ബോര്‍ഡ് ഏലം ലേലം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്ന 12 കമ്പനികളില്‍ ഒന്നാണ് ആഗസ്തി ഡയറക്ടറായ ഈ കമ്പനി.

പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖയും വാഹനത്തിലുണ്ടായിരുന്നില്ല. പണത്തിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് കമ്പനി അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നുവെങ്കിലും അതിൻ്റ നടപടിക്രമങ്ങളൊന്നും  മുന്നോട്ടു പോയില്ലെന്ന റിപ്പോർട്ടുകളുമുണ്ട്.

നോട്ട് നിരോധനത്തിന് പിന്നാലെ നടന്ന ഈ സംഭവം ദേശീയ അന്വേഷണ ഏജൻസികളും ഏറ്റെടുത്തിരുന്നു. ആദായനികുതി വകുപ്പും എൻഫോഴ്സ്മെൻ്റുമാണ് അന്വേഷണം നടത്തിയിരുന്നത്. പ്രസ്തുത കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ്  ഇ എം ആഗസ്തിയുടെ ബിജെപി സമരപ്പന്തൽ സന്ദർശനം. ഈ സന്ദർശനത്തോടെ ആഗസ്തി ബിജെപിയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിത്തുടങ്ങി. 2016ലെ കള്ളപ്പണം വിലയും ഇപ്പോഴത്തെ ബിജെപി അനുകൂല നിലപാടു കൂടി വായിക്കുകയാണ് രാഷ്ട്രീയനിരീക്ഷകർ.