സ്വന്തം മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്തു; സോഷ്യല്‍ സ്റ്റാറ്റസ് നോക്കുന്നവര്‍ക്കിടയില്‍ നിന്നും വ്യത്യസ്തയായി ജില്ലാ കളക്ടര്‍ ശില്‍പ പ്രഭാകര്‍

single-img
10 January 2019

കുഞ്ഞുങ്ങളെ പ്ലേ സ്‌കൂളില്‍ വിടുന്നതാണ് സോഷ്യല്‍ സ്റ്റാറ്റസ് എന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തയാവുകയാണ് തിരുനെല്‍വേലി ജില്ലാ കളക്ടര്‍ ശില്‍പ പ്രഭാകര്‍ സതീഷ്. സ്വന്തം കുഞ്ഞിനെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്തുകൊണ്ടാണ് തിരുനെല്‍വേലി കളക്ടര്‍ മാതൃകയായത്. പാളയം കോട്ടെയിലെ അംഗന്‍വാടിയിലാണ് കളക്ടര്‍ കുഞ്ഞിനെ ചേര്‍ത്തത്.

തിരുനെല്‍വേലിയിലെ ആദ്യത്തെ വനിത കളക്ടറാണ് ശില്‍പ. മകളെ അംഗന്‍വാടിയില്‍ ചേര്‍ത്തതില്‍ വളരെ സന്തോഷവതിയാണ് താനെന്ന് കര്‍ണ്ണാടക സ്വദേശിയായ കളക്ടര്‍ പറഞ്ഞു. ”സമൂഹത്തിലെ വിവിധതുറകളില്‍പ്പെട്ട കുഞ്ഞുങ്ങളുമായി ഇടപഴകാനും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുവാനും വേണ്ടിയാണ് കുഞ്ഞിനെ നഴ്‌സറി സ്‌കൂളില്‍ ചേര്‍ക്കാതെ അംഗന്‍വാടിയില്‍ ചേര്‍ത്തത്.

കളക്ട്രേറ്റിനടുത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ അധ്യാപകരും വളരെ ഊര്‍ജ്ജസ്വലരാണ്. തിരുനല്‍വേലിയിലെ എല്ലാ അംഗന്‍വാടികള്‍ക്കും സ്മാര്‍ട് ഫോണുണ്ട്. കുഞ്ഞുങ്ങളുടെ പൊക്കവും തൂക്കവും പരിശോധിച്ച് കുഞ്ഞുങ്ങളുടെ ഡയറ്റ് ക്രമീകരിക്കുന്ന നടപടികളുമുണ്ട്.

കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ കൂടുതല്‍ കുറേയേറെ നല്ലപദ്ധതികള്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ട്”. കളക്ടര്‍ ശില്‍പ പ്രഭാകര്‍ പറഞ്ഞു. ജില്ലയില്‍ ഏകദേശം ആയിരത്തോളം അംഗന്‍വാടികളാണ് പ്രവര്‍ത്തിക്കുന്നത്.