ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട, ഒന്നു പ്രതികരിക്കുകയെങ്കിലും ചെയ്യൂ: ഹർത്താൽ അക്രമ സംഭവങ്ങളിലെ അറസ്റ്റിൽ നേതൃത്വം തുടരുന്ന നിസംഗതയ്ക് എതിരെ ബിജെപി പ്രവർത്തകർ

single-img
10 January 2019

ശബരിമല കര്‍മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമങ്ങളില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൊലീസ് പിടിയിലായതോടെ മുന്നോട്ടുള്ള സമരരീതി എങ്ങനെയെന്നറിയാതെ ബിജെപി നേതൃത്വം. പ്രവർത്തകർ അറസ്റ്റിലായതിനെതിരെ  പ്രതികരിക്കാന്‍ പോലും സാധിക്കാത്ത നേതൃത്വത്തിനെതിരെ ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍പോലും തയാറാകാതെ പ്രസ്താവന ഇറക്കുക മാത്രമാണ് ചെയ്യുന്നതെന്നു പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. അതുമാത്രമല്ല പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കല്ലാതെ എത്രപേര്‍ കസ്റ്റഡിയിലുണ്ടെന്ന വിവരം പോലും നേതൃത്വത്തിന് ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നുണ്ട്.

സംഘപരിവാര്‍ അനുകൂലികളുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലും  ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ സംവിധാനങ്ങളിലും നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. പ്രവർത്തകരുടെ കാര്യത്തിൽ ഇടപെടാത്ത നേതൃത്വവും ഇനിമുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിളിക്കണ്ടെന്ന  ആവശ്യവും ചിലർ ഉയർത്തുന്നുണ്ട്.

ഇതിനിടയിൽ അക്രമസംഭവങ്ങൾ  അറസ്റ്റിലായവരുടെ ജാമ്യത്തിൻ്റെ കാര്യത്തിലും നേതൃത്വം നിസംഗത പുലര്‍ത്തുകയാണെന്നു ആരോപണം  ഉയർന്നിട്ടുണ്ട്. മാത്രമല്ല ശബരിമലയിൽ ഇപ്പോൾ സ്ത്രീകൾ യഥേഷ്ടം പ്രവേശിക്കുന്ന സാഹചര്യവും സംജാതമായിരിക്കുന്നു. ഇതും പ്രവർത്തകരെ നേതൃത്വത്തിനെതിരെ തിരിച്ചിരിക്കുകയാണ്.

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നടത്തിയ ഹര്‍ത്താലിനുശേഷം ശബരിമല കര്‍മസമിതിയുടേതായ ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നത്.  ശബരിമല കർമസമിതിക്ക് ബിജെപി സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്നും ആർഎസ്എസ് നേതൃത്വം അതൃപ്തി ഉയർത്തുന്നുണ്ട്. മാത്രമല്ല മുൻനിര നേതാക്കൾ നിരാഹാരം അനുഷ്ഠിച്ചു കഴിഞ്ഞ സ്ഥിതിക്ക് ബിജെപി നടത്തുന്ന ഉപവാസം എങ്ങനെ തീർക്കണമെന്നറിയാതെ  അങ്കലാപ്പിലാണ് നേതൃത്വം.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ പൊതുമധ്യത്തിലെത്തിയാല്‍ ഉണ്ടാവുന്ന പ്രത്യാഘാതവും ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതു മുന്നിൽക്കണ്ട്  പ്രശ്നങ്ങൾ ഓർമിപ്പിച്ചാണ് പ്രവർത്തകരെയും പ്രാദേശിക നേതൃത്വങ്ങളെയും ബിജെപി പിടിച്ചുനിർത്തുന്നത്.