ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് സര്‍വേ

single-img
7 January 2019

ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ.യ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യാ ടി.വി.സി.എന്‍.എക്‌സിന്റെ അഭിപ്രായ സര്‍വേഫലം. 257 സീറ്റാണ് എന്‍.ഡി.എ.യ്ക്ക് പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിനുവേണ്ട 272 സീറ്റില്‍ 15 സീറ്റു കുറവ്.

എന്നാല്‍ ഇതാദ്യമായി കേരളത്തില്‍ ബിജെപി ഒരു സീറ്റ് സ്വന്തമാക്കുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്‌ലിം ലീഗിന് രണ്ടും ബിജെപി, കേരള കോണ്‍ഗ്രസ്(എം), ആര്‍എസ്പി പാര്‍ട്ടികള്‍ക്ക് ഒന്നു വീതവും സ്വതന്ത്രര്‍ക്കു രണ്ടു സീറ്റ് വീതവും ലഭിക്കുമെന്നാണു പ്രവചനം.

2018 ഡിസംബര്‍ 15നും 25നും ഇടയില്‍ നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലത്തിലാണ് ഇക്കാര്യമുള്ളത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സര്‍വേ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. സഖ്യത്തിന് (എസ്.പി.യും ബി.എസ്.പി.യും ഒഴികെ) 146 സീറ്റുകള്‍ ലഭിക്കും.

140 സീറ്റുകള്‍ നേടുന്ന മറ്റു കക്ഷികളുടെ തീരുമാനമായിരിക്കും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ നിര്‍ണായകം. എന്‍.ഡി.എ.യ്ക്ക് 37.15ഉം യു.പി.എ.യ്ക്ക് 29.92ഉം മറ്റെല്ലാവര്‍ക്കും ചേര്‍ന്ന് 32.93ഉം ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ കണക്കാക്കുന്നു.

എസ്പി, ബിഎസ്പി, അണ്ണാ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഇടതുപക്ഷം, പിഡിപി, എഐയുഡിഎഫ്, എഐഎംഐഎം, ഐഎന്‍എല്‍ഡി, എഎപി, ജെവിഎം(പി), എഎംഎംകെ എന്നിവര്‍ക്കൊപ്പം സ്വതന്ത്രരും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനശക്തിയാകുമെന്നും സര്‍വേയിലുണ്ട്.

ഡിസംബറില്‍ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലം ഉള്‍പ്പെടെ അഭിപ്രായ സര്‍വേയെ സ്വാധീനിച്ചതായാണു സൂചന. തിരഞ്ഞെടുപ്പിനു മുന്നോടിയായി നവംബറില്‍ നടന്ന സര്‍വേയില്‍ ഇന്ത്യ ടിവി–സിഎന്‍എക്‌സ് എന്‍ഡിഎയ്ക്ക് 281 സീറ്റുകളും യുപിഎയ്ക്ക് 124 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് 138ഉം.

എന്‍ഡിഎയില്‍ ബിജെപിക്ക് 223 സീറ്റുകള്‍ ലഭിക്കുമെന്നു സര്‍വേ പറയുന്നു. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദള്‍ അഞ്ച്, എല്‍ജെപി മൂന്ന്, പിഎംകെ, എന്‍ഡിപിപി, എഐഎന്‍ആര്‍സി, എന്‍പിപി, എസ്ഡിഎഫ്, അപ്നാ ദള്‍, എംഎന്‍എഫ് പാര്‍ട്ടികള്‍ക്ക് ഒന്നുവീതവും സീറ്റുകള്‍ ലഭിക്കും. ബിജെപിയുമായി ശിവസേന ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യം സര്‍വേ വിലയിരുത്തിയിട്ടില്ല. 2014ല്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയോളം സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കും–85 എണ്ണം.