സ്‌കൂള്‍ യൂണിഫോമില്‍ വിവാഹം; ദൃശ്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസ്; കൂടുതല്‍പേര്‍ കുടുങ്ങും

single-img
6 January 2019

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യുന്ന മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍.നായര്‍. മൂവാറ്റുപുഴ ഉപജില്ലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയെ വിവാഹം ചെയ്യുന്ന ദൃശ്യങ്ങള്‍ പലതരം അടിക്കുറുപ്പുകളോടെയാണ് പ്രചരിപ്പിക്കുന്നത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഡിജിപിക്കു പരാതി നല്‍കി. വിവാഹം ചെയ്യുന്നതായി പറയുന്ന യുവാവ് തന്റെ മൊബൈലില്‍ സുഹൃത്തിന്റെ സഹായത്തോടെയാണ് വീഡിയോ പകര്‍ത്തിയത്. ഇതിനു ശേഷം ഇയാള്‍ സാമൂഹ മാധ്യമങ്ങളില്‍ ഇതു പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

ഒരു മാസം മുന്‍പാണ് പ്രതീകാത്മക വിവാഹം നടന്നത്. അടുത്തിടെ സുഹൃത്തുക്കളില്‍ ചിലര്‍ വീഡിയോ ഷെയര്‍ ചെയ്തതോടെയാണു സംഭവം പുറത്തായത്. ഉള്‍പ്രദേശം എന്ന് തോന്നിക്കുന്ന സ്ഥലത്തായിരുന്നു ചിത്രീകരണം. വിദ്യാര്‍ഥിനിയെ താലി ചാര്‍ത്താന്‍ മറ്റൊരു പെണ്‍കുട്ടി മുടി ഉയര്‍ത്തി നല്‍കുന്നതും കെട്ടികഴിഞ്ഞില്ലേയെന്ന പെണ്‍കുട്ടിയുടെ ചോദ്യവും തുടര്‍ന്ന് വാഴയിലയില്‍ കരുതിയിരുന്ന കുങ്കുമം പെണ്‍കുട്ടിയുടെ നിറുകയില്‍ ചാര്‍ത്തി കൊടുക്കുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്.

താലി ചാര്‍ത്തലിനുശേഷം ഇരുവരും ഒപ്പം സഹപാഠികളും ആഹല്‍ദം പങ്കുവയ്ക്കുന്നതും കാണാം. എല്ലാവരും സ്‌കൂള്‍ യൂണിഫോമിലായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിനികളില്‍ നിന്നു വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചു. ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കള്‍ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ കണ്ടതോടെ പൊലീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നാണു പരാതി. ടെലിഫിലിമിനായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ബന്ധപ്പെട്ട ചിലര്‍ പറയുന്നു. ടെലിഫിലിം ദൃശ്യങ്ങള്‍ ആരോ ദുരുപയോഗം ചെയ്തുവെന്നാണ് ഇവരുടെ വാദം.