കോണ്‍ഗ്രസിനെ ‘പൂട്ടാന്‍’ ക്രിസ്റ്റിയന്‍ മിഷേലിനെ ‘കൊണ്ടുവന്ന’ മോദിയുടെ തന്ത്രം പാളി; പണികിട്ടിയത് ബിജെപിക്ക്

single-img
6 January 2019

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വി.വി.ഐ.പി. ഹെലികോപ്ടര്‍ ഇടപാട് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മിഷേലിനെ ഡല്‍ഹി കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മറ്റു പ്രതിരോധക്കരാറുകളില്‍നിന്നും മിഷേലിനു പണം ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണങ്ങള്‍ക്കായി മിഷേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ ആവശ്യം പ്രത്യേക ജഡ്ജി അരവിന്ദ് കുമാര്‍ അനുവദിക്കുകയായിരുന്നു.

അതിനിടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ ഇന്ത്യയില്‍ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ബിജെപിയുടെ പ്രമുഖ നേതാവ് സഹായിച്ചെന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യസഭാംഗമായ മുന്‍ കേന്ദ്ര മന്ത്രിയുടെ പേരാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലില്‍ മിഷേല്‍ പുറത്തുവിട്ടതെന്നാണു സൂചന

അഗസ്റ്റ വിഷയത്തില്‍ കോണ്‍ഗ്രസിനെയും സോണിയ ഗാന്ധിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ബിജെപി ശ്രമിച്ചിരുന്നത്. എന്നാല്‍, മിഷേലിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ബിജെപിക്കു തിരിച്ചടിയായിരിക്കുകയാണ്. അഗസ്റ്റയെ കരിമ്പട്ടികയില്‍ പെടുത്താന്‍ 2ാം യുപിഎ സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ നടപടി പൂര്‍ത്തിയായത് മോദി സര്‍ക്കാരിന്റെ കാലത്താണ്.

എന്നാല്‍, ഏതാനും മാസത്തിനുശേഷം കമ്പനി കരിമ്പട്ടികയില്‍ നിന്ന് ഒഴിവായി. അതിനു ബിജെപി നേതാവ് സഹായിച്ചെന്ന് ഇഡിയുടെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് മിഷേല്‍ വെളിപ്പെടുത്തിയത്. തന്റെയും പിതാവിന്റെയും സുഹൃത്തുക്കളായ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തിലും ഈ ബിജെപി നേതാവിന്റെ പേര് പരാമര്‍ശിച്ചതായി സൂചനയുണ്ട്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടു ദുബായില്‍നിന്നു വിട്ടുകിട്ടിയ മിഷേലിനെ കഴിഞ്ഞ 22നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏഴുദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടുനല്‍കി. എന്നാല്‍, സി.ബി.ഐ. കേസില്‍ ഇയാളെ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

കേസില്‍ അന്വേഷണം ഇതുവരെ ഫലപ്രദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ഡി.പി. സിങ്ങും എന്‍.കെ. മട്ടയും കോടതിയെ അറിയിച്ചു. ഹെലികോപ്ടര്‍ ഇടപാടില്‍ എങ്ങനെയാണു ഹവാല പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകിയതെന്നായിരുന്നു അന്വേഷണം.

മറ്റു ചില പ്രതിരോധ ഇടപാടുകളെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍നിന്നും മിഷേലിനു വന്‍തുക ലഭിച്ചിട്ടുണ്ട്. പ്രതികള്‍ ഇറ്റാലിയന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ തെളിവുകളും കിട്ടിയതായി ഇ.ഡി. അധികൃതര്‍ കോടതിയെ അറിയിച്ചു. നേരത്തേ, ഇ.ഡി. കസ്റ്റഡിയില്‍ മിഷേല്‍ അഭിഭാഷകരുമായി ഇടപെടുന്നതിനു കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.