ബംഗാളി പ്രധാനമന്ത്രിയാകുമെങ്കില്‍ അത് മമത തന്നെ: ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച പരാമര്‍ശം നടത്തിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍

single-img
6 January 2019

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യത്തെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യത്തെ വ്യക്തിയായേക്കാമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. മമതാ ബാനര്‍ജിക്ക് 64ാം പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു ഘോഷിന്റെ പരാമര്‍ശം.

‘പശ്ചിമ ബംഗാളിന്റെ വിധി മമതാ ബാനര്‍ജിയുടെ വിജയത്തെ ആശ്രയിച്ചിരിക്കും. അവര്‍ നല്ല ആരോഗ്യത്തോടെ ഇരിക്കണം, കാരണം ബംഗാളില്‍ നിന്ന് ആരെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമെങ്കില്‍ അത് മമതാ ബാനര്‍ജി ആകാനാണ് ഏറ്റവും സാധ്യത’ അദ്ദേഹം പറഞ്ഞു.

തൃണമൂലിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷമായി പോരാടുമ്പോഴാണ് ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച പരാമര്‍ശം ഘോഷില്‍ നിന്ന് വന്നത്. ജ്യോതി ബസുവായിരുന്നു പ്രധാനമന്ത്രിയാകേണ്ട ആദ്യ ബംഗാളുകാരന്‍. പക്ഷേ സിപിഎം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല.

അടുത്ത സാധ്യത മമതയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാത്തേക്ക് പ്രണബ് മുഖര്‍ജിയെ എതിര്‍ത്ത മമതയുടെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. ബംഗാളിലെ ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട് അവര്‍ പ്രണബ് ദാ പ്രസിഡന്റാകുന്നത് തടയാന്‍ നോക്കിയത് – ഘോഷ് പറഞ്ഞു.