കേരളത്തിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍; നിരവധി അറബ് വിനോദസഞ്ചാരികളും യാത്ര റദ്ദാക്കി: വിനോദസഞ്ചാര മേഖലയെ തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമമെന്ന് കടകംപള്ളി

single-img
6 January 2019

വ്യാഴാഴ്ചത്തെ ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കലാപങ്ങളും അക്രമങ്ങളും സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. കേരളത്തിലേക്ക് പോകുന്നവര്‍ നിലവിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്താകെ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനാലാണ് മുന്നറിയിപ്പ് നല്‍കിയത്. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തിലുണ്ട്. ഒപ്പം മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയും ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ കലാപത്തെ കുറിച്ച് അറിഞ്ഞ് നിരവധി അറബ് വിനോദസഞ്ചാരികളും യാത്ര റദ്ദാക്കി. കേരളം ഒട്ടും സുരക്ഷിതമല്ലാതായി എന്നാണ് ബുക്കിങ് റദ്ദാക്കാന്‍ സൗദി കുടുംബങ്ങള്‍ കാരണമായി പറഞ്ഞതെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. കലുഷിത സാഹചര്യത്തില്‍ കൊച്ചിയിലും കേരളത്തിന്റെ ഇതര പ്രദേശങ്ങളിലുമുള്ള സൗദി പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയതും ഈ പശ്ചാത്തലത്തിലാണ്.

അക്രമവും പ്രതിഷേധവും നടക്കുന്ന പ്രദേശങ്ങളിലേക്ക് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും എന്തെങ്കിലും അടിയന്തിര സഹായം ആവശ്യമുള്ളവര്‍ 00919892019444 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുകയായിരുന്നു.

അതേസമയം കേരളത്തിലെ വിനോദസഞ്ചാര മേഖലയെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത വാഹനത്തിനു നേരെ കല്ലെറിഞ്ഞത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം ആരോപിച്ചു.

ടൂറിസ്റ്റുകളെ ആക്രമിക്കുന്നത് നാടിന് അപമാനകരമാണ്. വിനോദ സഞ്ചാര മേഖല തകര്‍ന്നാല്‍ നമ്മുടെ സാമ്പത്തിക മേഖലയാണ് തകരുന്നത്. ഹര്‍ത്താല്‍ പോലുള്ള പ്രക്ഷോഭങ്ങളില്‍ നിന്നും വിനോദസഞ്ചാര മേഖലയെ ഒഴിവാക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ രാഷ്ട്രീയ കക്ഷികള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബിജെപിയും ആര്‍എസ്എസും നേതൃത്വം കൊടുത്ത് നടത്തിയ ഘര്‍ത്താലുകളില്‍ അവര്‍ ആദ്യം തന്നെ ആക്രമിക്കാന്‍ തയാറായത് വിനോദസഞ്ചാരികളെയാണെന്നും കടകംപള്ളി പറഞ്ഞു.