ആകാശത്ത് വെച്ച് വലിയ ശബ്ദത്തോടെ എന്‍ജിന്‍ തകരാറിലായി; ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

single-img
6 January 2019

ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്ന വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കി. ഇന്‍ഡിഗോയുടെ 6ഇ 923 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അല്‍പസമയത്തിനുള്ളില്‍ വലിയ ശബ്ദത്തോടെ എന്‍ജിനുള്ളില്‍ നിന്നു പുക ഉയരുകയും വിമാനം ശക്തമായി വിറക്കുകയും ചെയ്തു.

ഇതോടെയാണ് വിമാനം തിരിച്ചിറക്കിയത്. മുന്നറിയിപ്പ് ലഭിച്ചതിനെതുടര്‍ന്ന് വിമാനം അടിയന്തരമായി ചെന്നൈയിലാണ് തിരിച്ചിറക്കിയത്. എന്‍ജിന്റെ ബ്ലേഡുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം.

പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി കമ്പനിയുടെ എന്‍ജിന്‍ പിടിപ്പിച്ച എയര്‍ബസ് വിമാനം എ 320 നിയോയ്ക്കാണ് തകരാറുണ്ടായത്. എന്‍ജിനും വിമാനവും മുമ്പും ഇന്‍ഡിഗോയ്ക്ക് പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്. ഇരുകമ്പനികളില്‍നിന്നും നഷ്ടപരിഹാരവും വാങ്ങിയിട്ടുണ്ട്.

വ്യോമയാനമന്ത്രാലയം ഈ വിഷയത്തെ ഗൗരവമായെടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച വിശകലനം ചെയ്യുമെന്നും വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബേ പറഞ്ഞു. വിശദമായ വിവരം തേടിവരികയാണെന്ന് വിമാനാപകട അന്വേഷണ ബ്യൂറോ (എ.എ.ഐ.ബി.) അറിയിച്ചു.

ഡിസംബര്‍ 10ന് ജയ്പുര്‍കൊല്‍ക്കത്ത വിമാനത്തില്‍ യാത്രയ്ക്കിടെ പുകയുയര്‍ന്നിരുന്നു. സംഭവം എ.എ.ഐ.ബി. അന്വേഷിച്ചുവരികയാണ്.