കലാപങ്ങള്‍ക്കു കാരണം സര്‍ക്കാര്‍; നിരീശ്വരവാദം നടപ്പാക്കാന്‍ ആസൂത്രിതനീക്കം; ആഞ്ഞടിച്ച് എന്‍എസ്എസ്

single-img
6 January 2019

ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും എന്‍.എസ്.എസ്. സംസ്ഥാനത്ത് നിലവിലുള്ള കലാപത്തിന് കാരണം സര്‍ക്കാറാണെന്ന് എന്‍.എസ്.എസ് കുറ്റപ്പെടുത്തി. സമാധാനമായി പരിഹരിക്കാവുന്ന ഈ പ്രശ്‌നം സങ്കീര്‍ണമാക്കിയതും സര്‍ക്കാരാണെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.

ജനങ്ങള്‍ നല്‍കിയ അധികാരം കയ്യില്‍ വച്ച് പാര്‍ട്ടി നയം നടപ്പാക്കാനാണു ശ്രമമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഹൈന്ദവ ആചാര്യമാരെയും വിശ്വാസികളെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണിപ്പോള്‍ സര്‍ക്കാര്‍. ശബരിമലയിലെ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ച് ഈശ്വരവിശ്വാസം നിലനിര്‍ത്തേണ്ടതു ബഹുഭൂരിപക്ഷം വിശ്വാസികളുടെയും ആവശ്യമാണ്.

അതു സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍, അതു സംരക്ഷിക്കാന്‍ വിശ്വാസികള്‍ രംഗത്തു വരുന്നതില്‍ തെറ്റുപറയാനാകില്ല. അതിനു രാഷ്ട്രീയ നിറം കൊടുത്തു പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതു ശരിയല്ല. ശബരിമല വിഷയം എല്ലാ മത സമുദായിക വിഭാഗങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.

അവിടുത്തെ വിശ്വാസം തകര്‍ക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ല. എല്ലാ മതവിശ്വാസികളും ബന്ധപ്പെട്ട സംഘടനകളും വിശ്വാസ ലംഘനത്തിനെതിരെ സമാധാനപരമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചെന്നും ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.