പേരാമ്പ്രയില്‍ പള്ളിക്ക് കല്ലെറിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കോഴിക്കോട്: ശബരിമലയില്‍ യുവതി പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിവസം പേരാമ്പ്രയില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സി.പി.എം ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍. പന്നിമുക്ക് മാണിക്കോത്ത് അതുല്‍ ദാസിനെയാണ് റിമാന്‍ഡ് ചെയ്തത്.
പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനായിരുന്നു അതുല്‍ ദാസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
ഹര്‍ത്താല്‍ ദിവസം വൈകുന്നേരത്തോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പേരാമ്പ്ര ടൗണില്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഡിവൈഎഫ്ഐക്കാര്‍ സംഘടിച്ചെത്തി. പിന്നീട് പേരാമ്പ്ര വടകര റോഡില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് സമീപത്തുള്ള മുസ്ലീംലീഗ് ഓഫീസിനും ജുമാ മസ്ജിദിനും നേരെ കല്ലേറുണ്ടായത്.
ദൃക്സാക്ഷി മൊഴികളുടേയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ ഡിവൈഎഫ്ഐയുടെ മേഖലാ ഭാരവാഹി കൂടിയാണ്.