അമിത്ഷായെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണം; ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണം; യോഗി ക്ഷേത്രാചാരങ്ങളിലേക്ക് തിരിച്ച് പോകണം: മുതിര്‍ന്ന ബി.ജെ.പി നേതാവ്

single-img
6 January 2019

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സംഗ്പ്രിയ ഗൗതം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിലവിലെ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗൗതം നിര്‍ദേശിക്കുന്നത്.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും ആദ്ദേഹം പറഞ്ഞു. അമിത് ഷാ രാജ്യസഭ എം.പിയെന്ന നിലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. യോഗി ആദിത്യനാഥ് ക്ഷേത്രങ്ങളുടെ ആചാരങ്ങളിലേക്ക് മടങ്ങി പോകണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2019ല്‍ മോദി തരംഗമുണ്ടാകുമോ എന്ന കാര്യത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മോദിയുടെ മന്ത്രങ്ങള്‍ വീണ്ടും പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യം സ്വമേധയാ സമ്മതിക്കുകയും മൗനം പാലിക്കുകയുമാണ്.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രോഷം പടര്‍ന്ന്പിടിക്കുകയാണ്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പുണ്ടായാല്‍ പാര്‍ട്ടിയുടെ സ്ഥിതി ദയനീയമാകും. പല സംസ്ഥാനങ്ങളിലും പാര്‍ട്ടി തുടച്ച് നീക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു 88 കാരനായ സംഘ്പ്രിയ ഗൗതം.