കോഴിക്കോടുകാരുടെ പേടി സ്വപ്‌നമായ ആസിഡ് ബിജു പിടിയില്‍: അടിവസ്ത്രം മാത്രം ധരിച്ച് ഒറ്റ രാത്രിയില്‍ ഒരു പ്രദേശം കൊള്ളയടിക്കുന്ന ബിജു ‘ഭീകരനായ മോഷ്ടാവ്’

single-img
6 January 2019

കഴിഞ്ഞ കുറേ ദിവസങ്ങളിലായി കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം കോതമംഗലം സ്വദേശി ആസിഡ് ബിജു എന്നറിയപ്പെടുന്ന മണ്‍കുഴികുന്നേല്‍ ബിജു(44) പോലീസ് പിടിയിലായി.

ആളുള്ള വീടുകളില്‍ മാത്രം തുടര്‍ച്ചയായി മോഷണം നടന്നതോടെ നാട്ടുകാര്‍ ഉറങ്ങാതെ കാവലിരുന്നാണു കള്ളനെ പിടികൂടിയത്. പൊലീസും കുറ്റവാളികളും ആസിഡ് ബിജുവെന്നു വിളിക്കുന്ന ബിജു എലിയാസിന്റെ മോഷണ രീതികള്‍ വേറിട്ടതാണ്.

നിറയെ ആളനക്കമുള്ള വീട്ടില്‍ മാത്രമേ കയറൂ. ഒരു പ്രദേശത്ത് എത്തിയാല്‍ അവിടത്തെ ഏതാണ്ട് മുഴുവന്‍ വീടുകളും കുത്തിതുറക്കും. കഴിഞ്ഞ മാസം തുടക്കത്തിലാണ് കൊടുവള്ളി അമ്പലകണ്ടിയില്‍ ബിജുവെത്തുന്നത്. അമ്പലകണ്ടി നെച്ചൂളി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ രാത്രി പതിനൊന്നരയോടെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണു വാതില്‍ തുറന്നുനോക്കിയത്.

വീട്ടുമുറ്റത്തിലൂടെ ഒരാള്‍ വീടിന്റെ പിറകുവശത്തേക്കു പോകുന്നതാണ് അവര്‍ കണ്ടത്. ഫാത്തിമ ബഹളം വച്ചതോടെ ബന്ധുക്കളും അയല്‍വാസികളും ഓടികൂടി തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ കള്ളനെ കണ്ടത്താന്‍ കഴിഞ്ഞില്ല. സമീപത്തെ ഏഴുവീടുകള്‍ കുത്തിതുറന്നു വിലപിടിപ്പുള്ള സാധനങ്ങളുമായിട്ടാണ് ബിജു എലിയാസ് മടങ്ങിയത്.

തൊട്ടടുത്ത ദിവസങ്ങളിലും കളവു തുടര്‍ന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. ചെറുപ്പക്കാര്‍ സംഘടിച്ചു കാവല്‍ നിന്നു. വിവിധ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓമശേരിയില്‍ വച്ചാണ് ഒടുവില്‍ ബിജു പിടിയിലായത്.

തുടര്‍ന്ന് കൊടുവള്ളി സിഐ പി.ചന്ദ്രമോഹനും താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഏറെനാളായി വിവിധ സ്ഥലങ്ങളില്‍ നടന്നു വന്ന മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്. ഡിസംബര്‍മാസം 8ന് രാത്രി 11 മണിയോടെ ഓമശ്ശേരി അമ്പലക്കണ്ടിയിലുള്ള വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ കിടന്ന ആറു പവനോളം തൂക്കം വരുന്ന രണ്ട് മാല മോഷ്ടിച്ചതോടുകൂടിയാണ് സംഭവങ്ങളുടെ തുടക്കം.

അന്നേ ദിവസം തന്നെ സമീപത്തുള്ള നിരവധി വീടുകളിലും കവര്‍ച്ചാശ്രമം നടന്നിരുന്നു. പിന്നീട് ഡിസംബര്‍ മാസം 19 തീയതി പിലാശ്ശേരിയിലുള്ള വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിയിരുന്ന സ്ത്രീയുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയും ബ്രേയ്‌സ് ലെറ്റും മോഷ്ടിച്ചിരുന്നു.

തുടര്‍ന്ന് ബാലുശ്ശേരി പറമ്പിന്റെ മുകളിലുള്ള വീട്ടില്‍ നിന്നും ഒന്‍പത് പവനും, കൊടുവള്ളി നരിക്കുനി റോഡിലുള്ള വീട്ടില്‍ നിന്നും ഉറങ്ങിക്കിടന്ന യുവതിയുടെ കൈയ്യിലുള്ള ബ്രേയ്‌സ് ലെറ്റ്, കൊടുവള്ളി കിഴക്കോത്ത് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയത് താനാണെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.

ഒറ്റ രാത്രിയില്‍ തന്നെ നാലും അഞ്ചും വീടുകളില്‍ മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. ഒറ്റനില വീടുകളില്‍ കോണിക്കൂടിന്റ ഡോര്‍ തകര്‍ത്താണ് പ്രതി വീടിനുള്ളില്‍ കയറിയിരുന്നത്. പ്രതിയെ പിടിക്കുമ്പോള്‍ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും വാതില്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന കമ്പിപ്പാര, ഉളി, വയര്‍ കട്ടര്‍ എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു.

മോഷണം നടത്തുമ്പോള്‍ അടിവസ്ത്രം മാത്രം ധരിച്ച് വീടുകളില്‍ സൈ്വര്യ വിഹാരം നടത്തിയിരുന്ന പ്രതിയെ കണ്ട് സ്ത്രീകളും കുട്ടികളും അടക്കം പലരും പരിഭ്രാന്തിയിലാകുകയും ദിവസങ്ങളോളം ഭീതിയില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. പ്രതി താമസിച്ചിരുന്ന ചാത്തമംഗലം വേങ്ങേരിമഠത്തുള്ള വാടകമുറിയില്‍ നിന്നും പത്തര പവനോളം കളവ് ചെയ്ത സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇയാള്‍ ഇരുപത് വര്‍ഷമായി ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലായി നൂറിലേറെ മോഷണ കേസുകളില്‍ പിടിയിലായിട്ടുണ്ട്. പല തവണകളിലായി എട്ടുവര്‍ഷത്തിലധികം ബിജു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

മോഷണം നടത്തിയ സ്വര്‍ണ്ണം വിറ്റ് ആര്‍ഭാടപൂര്‍വ്വമായ ജീവിതമാണ് അവിവാഹിതനായ ഇയാള്‍ നയിച്ചിരുന്നത്. പാലക്കാട് ജില്ലയില്‍ വിവിധ കേസുകളില്‍ പിടിയിലായതിനു ശേഷം നവംമ്പര്‍ മാസം അവസാനത്തോടെയാണ് പ്രതി ജയിലില്‍ നിന്നും പുറത്തിറങ്ങുന്നത്. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മോഷണം നടത്തിയ സ്വര്‍ണ്ണം എറണാകുളം കോഴിക്കോട് ജില്ലകളിലുള്ള ജ്വല്ലറികളിലാണ് വില്‍പ്പന നടത്തിയത്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.