ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനെ അതിക്രൂരമായി മര്‍ദിച്ചത് പൊലീസ് തൊപ്പി കാത്തിരിക്കുന്നയാള്‍: ബിജെപി പ്രവര്‍ത്തകനായ അരുണിന്റെ പൊലീസ് യൂണിഫോം സ്വപ്നം ത്രിശങ്കുവില്‍

single-img
6 January 2019

മലപ്പുറം: ഹര്‍ത്താല്‍ ദിനത്തില്‍ പൊലീസിനു നേരെയുണ്ടായ അക്രമത്തില്‍ പിടിയിലായ പ്രതി പൊലീസില്‍ ആശ്രിത നിയമനത്തിനു കാത്തിരുന്നയാള്‍. കാഞ്ഞിരമുക്ക് സ്വദേശി നെടുംപുറത്ത് അരുണ്‍കുമാറി (22) നെയാണ് സിഐ സണ്ണി ചാക്കോ അറസ്റ്റ് ചെയ്തത്.

അരുണിന്റെ അച്ഛന്‍ ഒരുവര്‍ഷം മുന്‍പ് പോലീസ് സര്‍വീസിലിരിക്കെ മരണപ്പെട്ടയാളാണ്. അതിനാല്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവുപ്രകാരം പോലീസിലേക്ക് നേരിട്ട് നിയമനം ലഭിക്കുമായിരുന്നു അരുണിന്. കേസില്‍ പ്രതിയായതോടെ ഈ പ്രതീക്ഷ നഷ്ടമായി.

അരുണ്‍കുമാര്‍ അക്രമത്തിനു മുതിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. എവി ഹൈസ്‌കൂളിനു സമീപം പൊലീസിനു നേരെ നടന്ന ഏറ്റുമുട്ടലിനിടെ അരുണ്‍കുമാര്‍ കല്ലെടുക്കുന്നതിന്റെയും വടികൊണ്ട് അക്രമിക്കാനെത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

അക്രമത്തിനു നേതൃത്വം നല്‍കിയ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് മാറഞ്ചേരി മുക്കാല അരിയല്ലി സുനില്‍കുമാറിനെയും പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ എസ്.ഐയെ ആക്രമിച്ച കേസില്‍ ആറുപേര്‍ പിടിയിലായി. സംഭവദിവസം പോലീസിനെ അക്രമിച്ച 50 പേര്‍ക്കെതിരേയാണ് കേസ്. ഏഴുപോലീസുകാര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്.

ഒളിവില്‍ കഴിഞ്ഞിരുന്നവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ഫോട്ടോ പരിശോധിച്ച് ഓപ്പറേഷന്‍ വിന്‍ഡോ പ്രകാരമാണ് തിരച്ചില്‍. അക്രമത്തിന് നേതൃത്വം നല്‍കിയവരെല്ലാം ഒളിവിലാണ്.

ഹര്‍ത്താല്‍ദിനത്തില്‍ നടത്തിയ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പേരെ ജില്ലയില്‍ അറസ്റ്റുചെയ്തു. ഇതില്‍ 50 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ജില്ലയിലെ പരിശോധന തുടരുന്നത്.