ഹർത്താലിൽ അറസ്റ്റിലായ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

single-img
6 January 2019

ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളെ തുടർന്ന് 3493 പേരെ അറസ്റ്റുചെയ്തു. രജിസ്റ്റർചെയ്ത 1286 കേസുകളിലായി 37,979 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 2795 പേർക്ക് ജാമ്യം ലഭിച്ചപ്പോൾ 487 പേർ ഇപ്പോഴും റിമാൻഡിലാണ്.

തിരുവനന്തപുരം സിറ്റി-114, റൂറൽ-98, കൊല്ലം സിറ്റി-40, റൂറൽ-74, പത്തനംതിട്ട-314, ആലപ്പുഴ-296, ഇടുക്കി-218, കോട്ടയം-126, കൊച്ചി സിറ്റി-269, എറണാകുളം റൂറൽ-240, തൃശ്ശൂർ സിറ്റി-199, തൃശ്ശൂർ റൂറൽ-149, പാലക്കാട്-509, മലപ്പുറം-216, കോഴിക്കോട് സിറ്റി-60, കോഴിക്കോട് റൂറൽ-97, വയനാട്-140, കണ്ണൂർ-230, കാസർകോട്-104 എന്നിങ്ങനെയാണ് അറസ്റ്റ്.

അതിനിടെ ഹർത്താൽ ദിനത്തിൽ സ്വകാര്യ വസ്തുവകകൾ നശിപ്പിച്ച കേസുകളിൽ പ്രതികളുടെ സ്വത്തു കണ്ടുകെട്ടാൻ നടപടിക്കു പൊലീസ് ആസ്ഥാനത്തുനിന്നു ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം. ഇത്തരം കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ പരാതിക്കാരെക്കൊണ്ടു സിവിൽ കേസ് കൂടി കൊടുപ്പിക്കാനാണു തീരുമാനം. ഇതിനകം തന്നെ ഇരുനൂറിലേറെ കേസുകളിലായി ഏകദേശം 4000 പ്രതികളുണ്ട്. 

പൊതുമുതൽ നശീകരണ നിയമപ്രകാരം അറസ്റ്റിലായവർ നിലവിൽ കുറവാണ്. അറസ്റ്റിലായവരിൽ ഭൂരിപക്ഷവും അതിനാൽ ജാമ്യത്തിലിറങ്ങി. എന്നാൽ ഹർത്താൽ ദിനത്തിൽ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ, ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഇവ പൊതുമുതൽ അല്ലാത്തതിനാൽ പ്രതികൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാനല്ലാതെ പൊതുമുതൽ നശീകരണ നിരോധനനിയമം ചുമത്താൻ കഴിയില്ല. 

പ്രതികൾക്കെതിരെ ക്രിമിനൽ കേസ് ഉള്ളതിനാൽ സിവിൽ കേസ് കൂടി വന്നാൽ സ്വത്തു കണ്ടുകെട്ടുന്ന നടപടി ആരംഭിക്കും. ഹർത്താലിന് അക്രമം കാണിക്കുന്നവരുടെയും പൊതുമുതൽ നശിപ്പിക്കുന്നവരുടെയും സ്വത്തു കണ്ടുകെട്ടുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തേ വ്യക്തമാക്കിയിരുന്നു.