യുപി പിടിക്കാന്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പി-ബിഎസ്പി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി

single-img
5 January 2019

ഉത്തര്‍പ്രദേശില്‍ എസ്.പി ബി.എസ്.പി സഖ്യത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം ബി.എസ്.പി അധ്യക്ഷ മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കൂടിക്കാഴ്ച നടത്തിയിരുന്നു.

യു.പിയില്‍ 80 സീറ്റുകളില്‍ 37 സീറ്റുകള്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് തീരുമാനം. ബാക്കിവരുന്ന ആറ് സീറ്റുകള്‍ മഹാസഖ്യത്തിന്റെ ഭാഗമാകുന്ന മറ്റ് പാര്‍ട്ടികള്‍ക്കു നല്‍കാനും യോഗം തീരുമാനിച്ചു. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെങ്കില്‍ ഈ ആറുസീറ്റുകളില്‍ നിന്നും കോണ്‍ഗ്രസിനു രണ്ട് സീറ്റുകള്‍ മാത്രം നല്‍കാനാണ് ബി.എസ്.പി എസ്.പി തീരുമാനം.

ആര്‍.എല്‍.ഡിക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചേക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ജനുവരി 15 ന് ശേഷം ആരംഭിക്കും. കോണ്‍ഗ്രസിന് സഖ്യത്തില്‍ സ്ഥാനമില്ലെങ്കിലും അമേഠിയിലും റായ്ബറേലിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണ്ടെന്നാണ് ഇരുവരുടെയും തീരുമാനം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളാണ് ഇവ.

മധ്യപ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയുടെ ഏക എം.എല്‍.എയ്ക്ക് കോണ്‍ഗ്രസ് മന്ത്രി സ്ഥാനം നല്‍കാത്തതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. തങ്ങളുടെ സാമാജികനെ മന്ത്രിയാക്കാത്തതില്‍ കോണ്‍ഗ്രസിനോട് നന്ദിയുണ്ടെന്നും ഉത്തര്‍പ്രദേശിലേക്കുള്ള വഴി കോണ്‍ഗ്രസ് വഴിവെട്ടിയിരിക്കുകയാണെന്നുമായിരുന്നു അഖിലേഷിന്റെ പ്രസ്താവന.

അതേസമയം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ നല്‍കിയ പിന്തുണ തെരഞ്ഞെടുപ്പിന് ശേഷവും മനസ്സില്ലാ മനസ്സോടെ തുടരുകയായിരുന്നു മായാവതി. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനായിരുന്നു ഭൂരിപക്ഷം തെളിയിക്കാനായി ബുദ്ധിമുട്ടിയ കോണ്‍ഗ്രസിന് മായാവതി പിന്തുണ നല്‍കിയത്.

എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുകയാണെങ്കില്‍ പിന്തുണയുടെ കാര്യം പുനരാലോചിക്കുമെന്നും മായാവതി വ്യക്തമാക്കിയിരുന്നു. അഖിലേന്ത്യാ പണിമുടക്ക് നടത്തിയ മധ്യപ്രദേശിലെ പട്ടികജാതി വിഭാഗങ്ങളുടെ പേരിലുള്ള കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മായാവതിയുടെ ഭീഷണി. എസ്.പിയുടെയും ബി.എസ്പിയുടെയും നിലപാട് പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയമുള്ള ഏത് പാര്‍ട്ടിയുമായും സഹകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ആകെയുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ 71എണ്ണവും ബി.ജെ.പി ജയച്ചിരുന്നു. സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ട് സീറ്റിലും വിജയിച്ചു. രാജ്യത്ത് അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് നിര്‍ണായകമായതും ഈ വിജയമായിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ അഖിലേഷും മായാവതിയും യോജിച്ചപ്പോള്‍ പാര്‍ട്ടി കോട്ടകളായ ഖൊരക്പൂര്‍, ഫുല്‍പൂര്‍ സീറ്റുകളില്‍ ബി.ജെ.പിക്ക് അടിപതറിയിരുന്നു.