‘ദൈവത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി നമ്മുടെ ഭാഗത്തുനിന്നുമുണ്ടായാൽ നമുക്ക് അനുഗ്രഹം ലഭിക്കാതെ പോകും’: ശബരിമല യുവതീപ്രവേശത്തെ വിമർശിച്ച് നടി ശ്രീ റെഡ്ഡി

single-img
5 January 2019

നടി ശ്രീ റെഡ്ഡി നടത്തിയ പ്രസ്താവനകളും ആരോപണങ്ങളും തെന്നിന്ത്യന്‍ സിനിമയെ ആകമാനം പിടിച്ചു കുലുക്കിയിട്ട് കുറച്ച് മാസങ്ങളായി . സിനിമയില്‍ അവസരം തേടി വരുന്ന പുതുമുഖങ്ങള്‍ കടുത്ത ലൈംഗിക ചൂഷണമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ശ്രീ റെഡ്ഡി ആരോപിക്കുന്നു. നടന്‍ നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു.

എന്നാലിപ്പോൾ ശബരിമലയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ശബരിമലയിൽ പെൺകുട്ടികൾ പോകുന്നത് നിർത്തണമെന്നും ആചാരങ്ങൾക്ക് വില കൽപ്പിക്കണമെന്നും ശ്രി റെഡ്ഡി ഫെയ്സ്ബുക്കിൽ കുറിച്ചു.  സ്ത്രീകളായ ബിന്ദുവും കനകദുർഗയും ശബരിമലയിലെത്തിയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്. പോസ്റ്റിന് താഴെയുയർന്ന വിമർശനങ്ങൾക്ക് നടി മറുപടിയും നൽകിയിട്ടുണ്ട്. 

‘ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് അവസാനിപ്പിക്കണം. ക്ഷേത്രാചാരങ്ങൾക്ക് വില കൽപ്പിക്കണം. ഹിന്ദുത്വത്തെ സംരക്ഷിക്കണം. മതമൂല്യങ്ങളെയും അയ്യപ്പനെയും ബഹുമാനിക്കുക. ദൈവത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി നമ്മുടെ ഭാഗത്തുനിന്നുമുണ്ടായാൽ നമുക്ക് അനുഗ്രഹം ലഭിക്കാതെ പോകും. പെൺകുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും’ ശ്രീ റെഡ്ഡി തന്റെ കുറിപ്പിൽ പറയുന്നു.