മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് പ്രീതി നടേശന്‍; ‘ശാഠ്യം നിറഞ്ഞ നിലപാടുകളില്‍നിന്നു മുഖ്യമന്ത്രി താഴേക്കു വരണം’

single-img
5 January 2019

ഇരുട്ടത്ത്, രഹസ്യമായി നടക്കേണ്ടതല്ല നവോത്ഥാനമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശന്‍. രക്തച്ചൊരിച്ചില്‍ ഇല്ലാതെയാണു നവോത്ഥാനം സാധ്യമാകേണ്ടത്. ശാഠ്യം നിറഞ്ഞ നിലപാടുകളില്‍നിന്നു മുഖ്യമന്ത്രി താഴേക്കു വരണം.

ജനങ്ങളുടെ ഭാഗത്തുനിന്നു ചിന്തിക്കണം. വനിതാമതില്‍ നടന്നതിനു പിറ്റേന്ന് ആ മതിലിന്റെ ശക്തി അദ്ദേഹം തകര്‍ത്തുകളഞ്ഞു. വനിതാമതിലിലൂടെ പിണറായി വിജയനു ചുറ്റുമുണ്ടായ പ്രഭാവലയം ശബരിമലയിലെ യുവതീപ്രവേശത്തോടെ നഷ്ടമായി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രീതി നടേശന്‍ ആഞ്ഞടിച്ചത്.

മതിലിന്റെ തൊട്ടടുത്ത ദിവസം ഒരു സ്ത്രീ കരഞ്ഞു കൊണ്ട് എന്നെ വിളിച്ചു പറഞ്ഞു: നടക്കാന്‍ പാടില്ലാത്തതു സംഭവിച്ചു. യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചു ! ഇതറിഞ്ഞ സമയത്താണു ഞങ്ങള്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്- പ്രീതി നടേശന്‍ പറഞ്ഞു. യുവതീപ്രവേശത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും രീതികളുമെല്ലാം തെറ്റായിരുന്നു.

പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി എന്തു പറയുമെന്നു നമുക്കറിയില്ല. പക്ഷേ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മത, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തേണ്ടിയിരുന്നു. ജനുവരി 22 ന് പുനഃപരിശോധനാ ഹര്‍ജിയിലെ തീരുമാനം വരുന്നതുവരെയെങ്കിലും വിധി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി സാവകാശം കാണിക്കണമായിരുന്നു.

തലയില്‍ തുണിയിട്ടു മുഖം മറച്ചാണു യുവതികള്‍ സന്നിധാനത്തെത്തിത്. പല ക്ഷേത്രങ്ങളിലും ആചാരങ്ങള്‍ മാറി. വളരെ സാവധാനം സംഭവിക്കുന്ന മാറ്റമാണിത്. ഭരണഘടനയിലെ പല നിയമങ്ങളും ഭേദഗതി ചെയ്യപ്പെടുന്നതു വര്‍ഷങ്ങളുടെ സംവാദങ്ങള്‍ക്കു ശേഷമാണ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കു നമ്മള്‍ വലിയ വില കൊടുക്കേണ്ടി വന്നു. എത്ര പേരെയാണ് ഈ നീക്കം ബാധിച്ചത്? എത്ര ആളുകളാണു ജയിലിലായത്?

എസ്എന്‍ഡിപി യോഗം ഭക്തര്‍ക്കൊപ്പമാണെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തേ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതുതന്നെയാണു നിലപാട്. ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്ന സമുദായവും സംഘടനയുമാണു ഞങ്ങളുടേത്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചു സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍, ഞങ്ങളോടൊപ്പമുള്ള യുവതികളാരും ശബരിമലയില്‍ പ്രവേശിക്കില്ലെന്നു നിലപാടെടുത്തിരുന്നു.

അയ്യപ്പനില്‍ വിശ്വാസമുള്ള, ആചാരങ്ങള്‍ പാലിക്കുന്ന യുവതികളാരും ശബരിമലയില്‍ പോകില്ല. തീര്‍ച്ചയായും ചില ആക്ടിവിസ്റ്റുകള്‍ പോയേക്കാം. ശ്രീനാരായണ ധര്‍മം ആചരിക്കുന്നവരും പിന്തുടരുന്നവരുമാണു ഞങ്ങള്‍. ആര്‍ത്തവത്തിനു ശേഷം ശുദ്ധിയായി ഏഴു ദിവസത്തിനു ശേഷമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാവൂവെന്നാണു ഗുരുസ്മൃതിയില്‍ ശ്രീനാരായണ ഗുരുദേവന്‍ പറയുന്നതെന്നും പ്രീതി നടേശന്‍ പറഞ്ഞു.