മന്‍മോഹന്‍ സിംഗ് ‘ആക്‌സിഡന്റല്‍’ പ്രധാനമന്ത്രിയല്ല; വിജയിച്ച പ്രധാനമന്ത്രിയെന്ന് ശിവസേന

single-img
5 January 2019

മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിച്ച് ഒരുങ്ങുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദങ്ങള്‍ തുടരുമ്പോള്‍ വ്യത്യസ്ത അഭിപ്രായവുമായി ശിവ സേന. മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ (യാദൃശ്ചികമായി) പ്രധാനമന്ത്രിയായ ആളല്ലെന്നും ഒരു വിജയിച്ച പ്രധാനമന്ത്രിയാണെന്നും ശിവ സേന നേതാവ് സഞ്ജയ് റൗത് അഭിപ്രായപ്പെട്ടു.

പത്ത് വര്‍ഷം ഒരു പ്രധാനമന്ത്രി രാജ്യം ഭരിച്ചിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കും. ഞാനൊരിക്കലും അദ്ദേഹത്തെ ഒരു ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയായി കാണുന്നില്ല. നരസിംഹ റാവുവിന് ശേഷം രാജ്യത്തിന് മികച്ച പ്രധാനമന്ത്രിയെ കിട്ടിയിട്ടുണ്ടെങ്കില്‍ അത് മന്‍മോഹന്‍ സിംഗ് ആണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപിയുമായുള്ള എതിര്‍പ്പ് നേരത്തെ പ്രകടിപ്പിച്ച റാവത്ത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കാര്യമായ മാറ്റമുണ്ടെന്നും ആളുകള്‍ രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന ഭരണമുന്നണിയായ എന്‍ഡിഎയിലെ സഖ്യകക്ഷിയാണ് ശിവസേന.

അതേസമയം, ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് എതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ശക്തമാണ്. ചിത്രം സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും തെറ്റായി ചിത്രീകരിച്ചതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ കാണിക്കുന്നില്ലെന്ന് പരിശോധിക്കുന്നതിനായി പ്രത്യേക പ്രദര്‍ശനം വേണമെന്ന് കാണിച്ച് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.