പൊലീസിന് വീഴ്ച പറ്റിയിട്ടില്ല; നാടിനെ ഭയത്തില്‍ നിര്‍ത്താനുള്ള ആര്‍.എസ്.എസ് ശ്രമം അനുവദിക്കില്ല; സംഘപരിവാര്‍ അക്രമത്തെ കോണ്‍ഗ്രസ് അപലപിക്കണമെന്നും മുഖ്യമന്ത്രി

single-img
5 January 2019

സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആസൂത്രിതമായ അക്രമമാണ് ഉണ്ടായത്. നാടിനെ ഭയത്തില്‍ നിര്‍ത്താനുള്ള ആര്‍എസ്എസ് ശ്രമം അനുവദിക്കില്ല. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ പ്രകോപനത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമം. ഇതിനെ ഒറ്റക്കെട്ടായി അപലപിക്കുകയാണ് വേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിന് തയറാകാത്തത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ കേരളത്തിലെ സംഘര്‍ഷ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപടല്‍. അക്രമസംഭവങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അടിയന്തര റിപ്പോര്‍ട്ട് തേടി. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെയാണ് നിരീക്ഷിച്ചുവരുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിലായം വ്യക്തമാക്കി.