വിജയ്മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

single-img
5 January 2019

വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി വിജയ്മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് പ്രഖ്യാപനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി.

ഇതോടെ മല്യയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കണ്ടുകെട്ടാന്‍ കഴിയും. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് വ്യവസ്ഥ ചെയ്യുന്ന നിയമം പാര്‍ലമെന്റ് പാസാക്കിയിരുന്നു. ഈ നിയമപ്രകാരമാണ് മല്യയെ മുംബൈ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

ഇന്ത്യയില്‍ ഒമ്പതിനായിരംകോടിരൂപ വായ്പാകുടിശിക വരുത്തിയശേഷം രാജ്യംവിട്ട മല്യ നിലവില്‍ ബ്രിട്ടണിലാണ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ലണ്ടന്‍കോടതി അംഗീകരിച്ചിട്ടുണ്ട്. തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡ!ി) നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചു. നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി വിശദീകരണം ആരാഞ്ഞ് ഇഡിക്ക് നോട്ടിസ് അയച്ചിരുന്നു. 2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്.