ഒരുവര്‍ഷം ഒരുകോടി തൊഴില്‍ അവസരമെന്ന് മോദിയുടെ വാഗ്ദാനം; പക്ഷേ 2018 ല്‍ ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരു കോടിയിലേറെപേര്‍ക്ക്

single-img
5 January 2019

കഴിഞ്ഞവർഷം ഇന്ത്യയിൽ തൊഴിൽ നഷ്ടമായത് ഒരുകോടി പത്തുലക്ഷം പേർക്ക്. അവരിൽ ഭൂരിഭാഗവും ഗ്രാമത്തിൽ നിന്നുള്ളവരും കൂലിപ്പണിക്കാരും. 2017-18 സാമ്പത്തികവർഷത്തിലെ കഴിഞ്ഞ ഡിസംബർ വരെയുള്ള കാലയളവിൽ 14 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പുതിയ നിക്ഷേപങ്ങൾ കൂപ്പുകുത്തി. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്നതായും സ്വകാര്യ വ്യവസായ വിവരദാതാക്കളായ സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ (സി.എം.ഐ.ഇ.) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2017 ല്‍ 49.67 കോടി ജനങ്ങള്‍ക്ക് തൊഴില്‍ ഉണ്ടായിരുന്നു. എന്നാല്‍ 2018 ആയപ്പോഴേക്കും ഇത് 39.7 കോടിയായി കുറഞ്ഞു. ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 7.4 ആണ് ഇപ്പോഴുള്ള തൊഴിലില്ലായ്മ നിരക്ക്. 15 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സ്ത്രീകള്‍ക്കാണ് കൂടുതല്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. 88 ലക്ഷം സ്ത്രീകള്‍ക്കും 22 ലക്ഷം പുരുഷന്മാര്‍ക്കും തൊഴില്‍ ഇല്ലാതായി. 40 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് തൊഴില്‍ നിലനിര്‍ത്താന്‍ സാധിച്ചത്. മാസ ശമ്പളം വാങ്ങുന്ന 37 ലക്ഷം പേര്‍ക്കും ജോലി നഷ്ടമായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കൂലിപ്പണിക്കാര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരാണ് തൊഴില്‍ നഷ്ടമായവരില്‍ കൂടുതല്‍. ഇവര്‍ തന്നെയാണ് നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും കൂടുതല്‍ അനുഭവിച്ചത്.

ഒരു വര്‍ഷം ഒരു കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും എന്നതായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് ഒരു കോടിയേറെപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട സംഭവത്തെ മോദി സര്‍ക്കാരിന്റെ പരാജയമായി മാത്രമെ വിലയിരുതാന്‍ സാധിക്കൂ.

അതേസമയം സി.എം.ഐ.ഇ. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാവൽക്കാരനും അയാളുടെ ഉച്ചഭാഷിണിയായ സുഹൃത്തും ജോലി ചെയ്യുന്നില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പരിഹസിച്ചു.